താഴേക്കിടയിലുള്ളതിനേക്കാള്‍ മഹത്തും പൂര്‍ണതരവുമായ ഒരു സത്യം നമുക്കു ലഭിക്കാനിടയില്ലെങ്കില്‍ അതിമാനസത്തെ സമീപിക്കാനുളള ശ്രമം കൊണ്ടു വലിയ കാര്യമില്ല.
അഹങ്കാരം, ആഗ്രഹം, വികാരങ്ങള്‍, അനിഷ്ടം തുടങ്ങിയവയൊന്നുമില്ലാതെ ജീവിക്കാന്‍ ശ്രമിച്ചാല്‍ മനുഷ്യന്‍ ഒരു ജഡപദാര്‍ത്ഥമായി മാറും. ഇത് ആധ്യാത്മികോന്നതിയല്ല. ഭൗതികബോധത്തില്‍നിന്നു പടിപടിയായി പുരോഗമിച്ച് ആധ്യാത്മികബോധത്തിലെത്തുമ്പോള്‍ ഇത്രകാലമായി അജ്ഞതയുടെ മാലിന്യങ്ങള്‍ പുരണ്ടിരുന്ന ഐഹികമായ ആഗ്രഹങ്ങളും വികാരങ്ങളും അനിഷ്ടങ്ങളുമെല്ലാം എത്ര നിസ്സാരങ്ങളാണെന്ന് അയാള്‍ക്കു ബോധ്യമാകും. ഈ അജ്ഞതയകലുമ്പോള്‍ ഐഹികാഭിലാഷങ്ങള്‍ അപ്രധാനങ്ങളായിത്തീരും. ആഗ്രഹങ്ങള്‍ നിലനില്‍ക്കും. പക്ഷേ, അവ ഐഹികമായിരിക്കില്ല, അവ അതീന്ദ്രിയങ്ങളായിത്തീരും. ആ അവസ്ഥയില്‍ പരമാത്മാവായ ബ്രഹ്മവും ഭഗവാനും ഒന്നുതന്നെയെന്ന ധാരണയുണ്ടാകുന്നു. മനസ്സും ഇന്ദ്രിയങ്ങളും അതീന്ദ്രീയമാകുമ്പോള്‍ മാത്രമേ ഇത്തരം ശ്രേഷ്ഠധാരണകള്‍ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഒറ്റയടിക്ക് ആ ഘട്ടത്തിലെത്തുക സാധ്യമല്ല. അസാധ്യമായതിനുവേണ്ടി ശ്രമിക്കുന്നവന്‍ അവിവേകിയും അത്യാഗ്രഹിയുമാണ്. ഓരോ അടിയും അടുത്തയടി വയ്‌ക്കുന്നതിനുമുമ്പ് ഭദ്രമായുറപ്പിച്ച്, ക്രമേണ വേണം മുന്നോട്ടുപോകാന്‍ ഇത്തരത്തില്‍ അവസാനം ലക്ഷ്യത്തിലെത്താനാകും.
– ഭക്തിവേദാന്തസ്വാമി പ്രഭുപാദര്‍
















