മാഡ്രിഡ്: റയല്‍ മാഡ്രിഡിനെ എങ്ങനെ തോല്‍പ്പിക്കണമെന്ന് അവരുടെ അയല്‍വാസികളായ അത്ലറ്റിക്കോയ്ക്ക് നന്നായറിയാം. ഡീഗോ സിമിയോണിയുടെ പിള്ളേര് അതൊരിക്കല്‍ക്കൂടി അടിവരയിട്ടു. സ്പാനിഷ് ലീഗില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയലിനെ മുട്ടുകുത്തിച്ച അത്ലറ്റിക്കോ മാഡ്രിഡ് കിരീടം നിലനിര്‍ത്താനുള്ള പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ ഓജസു പകര്‍ന്നു. കളിയുടെ 76-ാം മിനിറ്റില്‍ അര്‍ദ ടുറാന് നേടിയ ഗോളാണ് അത്ലറ്റിക്കോയ്ക്ക് ജയമൊരുക്കിയത്. തിയാഗോയിലൂടെ മുന്നിലെത്തിയ അത്ലറ്റിക്കോയെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോള്‍ വഴി റയല്‍ ഒപ്പംപിടിച്ചെങ്കിലും ഫലമുണ്ടായില്ല. ഏഴു പോയിന്റുള്ള അത്ലറ്റിക്കോ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 9 പോയിന്റുമായി ബാഴ്സലോണ ഒന്നാമന്. മൂന്നു മത്സരങ്ങള്‍ക്കിടെ രണ്ടാം തോല്‍വി വഴങ്ങിയ റയല്‍ (3 പോയിന്റ്) 12-ാമതും.
റയലിന്റെ കളമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നല്ല തുടക്കമിട്ടു അത്ലറ്റിക്കോ. ആദ്യ നിമിഷങ്ങളില്‍ കോക്കെയുടെ ഒന്നുരണ്ട് അളന്നുമുറിച്ച ക്രോസുകള്‍ റയല്‍ ഗോള്‍ മുഖത്ത് ഭയത്തിന്റെ വിത്തുപാകി. ക്രിസ്റ്റ്യാനോ- ബെയ്ല്-റോഡ്രിഗസ് ത്രയങ്ങള്‍ക്ക് ആ വേളയില്‍ കളിയില്‍ വലിയ സ്വാധീനം ചെലുത്താനായില്ല. മത്സരഗതിയെ ന്യായീകരിക്കുന്നതായി അത്ലറ്റിക്കോയുടെ ആദ്യ ഗോള്‍. എതിരാളിയുടെ മാര്‍ക്കിങ്ങിനെ മിന്നല്‍ വേഗത്തില്‍ മറികടന്ന് കോക്കയുടെ കോര്‍ണറില്‍ തലവെച്ച തിയാഗോ ഗ്യാലറിയെ നിശബ്ദമാക്കി (1-0). പിന്നാലെ റയലിന്റെ പകപോക്കല്‍ ശ്രമങ്ങള്‍. റോഡ്രിഗസും ബെയ്ലും സ്കോര്‍ ചെയ്തെന്നുവരെ തോന്നി. ബെയ്ലിന്റെ തകര്‍പ്പന്‍ ഫ്രീ കിക്ക് അത്ലറ്റിക്കോ ഗോളി തട്ടിയകറ്റി.
സന്ദര്‍ശകരുടെ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. 26-ാം മിനിറ്റില്‍ ഗുല്ലര്മെ സിഖേരിയ ക്രിസ്റ്റ്യാനോയെ ബോക്സില്‍ ഫൗള്‍ ചെയ്തു. റഫറി വിധിച്ചത് പെനാല്‍റ്റി. കിക്കെടുത്ത ക്രിസ്റ്റ്യാനയ്ക്ക് പിഴച്ചില്ല, റയല്‍ ഒപ്പം (1-1). അധികം വൈകാതെ റയലിനു ലഭിച്ച അവസരം കരീം ബെന്‍സേ പുറത്തേക്കടിച്ചു.
രണ്ടാം പകുതിയില്‍ ലോണ്‍ താരം ജാവിയര്‍ ഹെര്‍ണാണ്ടസിന് റയല്‍ അവസരം നല്കി. എങ്കിലും എയ്ഞ്ചല്‍ ഡി മരിയയെ കൈവിട്ടതിലൂടെ നഷ്ടപ്പെട്ട ഊര്‍ജം റയലിന്റെ ഗോള്‍ മോഹത്തെ പിന്നോട്ടടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ റൗള്‍ ഗാര്‍ഷ്യ നല്കിയ പാസ് നിലംപറ്റിയുള്ള ഷോട്ടിലൂടെ ഗോള്‍ വര കടത്തി ടുറാന് അത്ലറ്റിക്കോയുടെ വിജയഗാഥ രചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: