കോട്ടയം: എഴാമത് ഫിഡെ ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റ് ബിലോ 2200 സിഎംഎസ് കോളേജില്‍ ആരംഭിച്ചു. ദേശീയ ഗെയിംസിന് മുന്നോടിയായി നടക്കുന്ന സ്വിസ് സിസ്റ്റത്തില്‍ ഒന്‍പത് ഘട്ടങ്ങളിലായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രായഭേദമന്യെ എല്ലാ മത്സരാര്‍ത്ഥികളും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നു. മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും റേറ്റിങില്‍ പിന്നാക്കം നില്‍ക്കുന്നവരെ മുന്‍നിരയില്‍ എത്തിക്കുന്നതിനും റേറ്റിങ് നേടിയെടുക്കുന്നതിനുമാണ് ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
ചീഫ് ആര്‍ബിറ്റര്‍ ഭുവനാസായിയുടെ നേതൃത്വത്തിലുള്ള ടീമാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഒന്നാം സമ്മാനമായി 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും അടക്കം ഒന്നരലക്ഷം രൂപയോളമാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത്. നാലുദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്. ടൂര്‍ണമെന്റ് കേരള പ്രസ് അക്കാദമിയംഗം ചെറുകര സണ്ണിലൂക്കോസ് കരുനീക്കി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്‍വ്വകലാശാലാ ചാമ്പ്യന്‍ അര്‍ജുന്‍ കെ. എതിരാളിയായി.
സിഎംഎസ് കേളേജ് പ്രിന്‍സിപ്പല്‍ റോയി സാം ദാനിയേല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആലപ്പുഴ ചെസ് അസോസിയേഷന്‍ സെക്രട്ടറി ഷാജി പി.എം., കേരള ചെസ് അസോസിയേഷന്‍ സെക്രട്ടറി രാജേഷ് വര്‍ഗീസ് ജോഷ്വാ തുടങ്ങിയവര്‍ പങ്കെടുത്തു. 14ന് ടൂര്‍ണമെന്റ് സമാപിക്കും.
















