പാലാ: നഗരത്തില്‍ വില്‍പനയ്‌ക്കു കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശികളായ രണ്ടും സ്ത്രികളെയും 13 വയസ്സുകാരന്‍ കുട്ടിയെയും പാലാ പൊലിസ് പിടികൂടി. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പാലാ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നും ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് ഇവരെ പൊലിസ് പിടികൂടിയത്.
കമ്പം വടകപ്പെട്ടി ഒലകതെരുവ് പെരുമാളിന്റെ ഭാര്യ ജയാമണി (38), വടകപ്പെട്ടി കുറുങ്കമായന്‍ തെരുവ് പാണ്ടിയുടെ ഭാര്യ ലത (34) എന്നിവരാണ് പിടിയിലായ സ്ത്രികള്‍. ഇവരെ തൊടുപുഴ ആന്റി നാര്‍കോട്ടിക് വിഭാഗം പ്രത്യേക കോടതിയില്‍ ഇന്നലെ ഹാജരാക്കി റിമാന്റു ചെയ്തു. ലതയുടെ മകനെന്നു പറയുന്ന 13 വയസ്സുകാരനെ കോട്ടയത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദ്ദേശപ്രകാരം കുട്ടിയുടെ സംരക്ഷണത്തിനായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
രണ്ടു കിലോ വീതം സ്‌കൂള്‍ ബാഗില്‍ സൂക്ഷിച്ചാണ് കഞ്ചാവ് കൊണ്ടുവന്നത്. പാലായിലും സമീപ പ്രദേശങ്ങളിലുമുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണത്തിനു കൊണ്ടുവന്നതാണെന്ന് കരുതുന്നതായി പൊലിസ് പറഞ്ഞു. തൃശൂര്‍ക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയാണെന്നാണിവര്‍ പൊലിസിനോടു പറഞ്ഞത്. സംശയം തോന്നാതിരിക്കാനാണ് കുട്ടിയെയും കൂടെക്കൂട്ടിയതെന്നും അവര്‍ പറഞ്ഞു.
സിഐ കെ.പി. ജോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ.പി. ടോംസണ്‍, ഷാഡോ പൊലിസ് തോമസ് സേവ്യര്‍, സിപിഒമാരായ ഷാജി രാജേഷ്, ഉഷ, രഞ്ജിനി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
















