എരുമേലി: ഏരുമേലിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ലൈബ്രറി അടഞ്ഞുകിടക്കുന്നു. ലൈബ്രറി അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നന്നാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. വൈഎംസിഎയുടെ സഹകരണത്തോടെ 1968ല്‍ കനകപ്പലം എംടിഎച്ച്എസ് ഹൈസ്‌കൂളിനു സമീപത്തായി തുടങ്ങിയ ലൈബ്രറിയാണ് അക്ഷരങ്ങള്‍ക്കുമേല്‍ ഇരുളടഞ്ഞുകിടക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും ഫര്‍ണിച്ചറും മറ്റും നശിച്ചുതുടങ്ങിയിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാന്‍പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
കഥയും കവിതയും ചരിത്രവും ലേഖനങ്ങളുമായി ഒത്തിരി പേരെ വായനയുടെ വിശാലമായ ലോകത്തെത്തിച്ച ഈ ലൈബ്രറി ഇന്ന് ഓര്‍ത്തുവയ്‌ക്കാന്‍ വെറുമൊരു സ്മാരകമായിതിതീരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. സ്‌കൂളിനു സമീപമായതിനാല്‍ കുട്ടികളെക്കൂടി വായനയുടെ നല്ലശീലങ്ങളിലെത്തിക്കാനാകുമെന്ന ചിന്തയിലാണ് തുടങ്ങിയത്.
പക്ഷേ പിന്നീട് അനുദിനം അതുവഴി കടന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കെട്ടിടം കയറി നില്‍ക്കാന്‍ ഒരു സ്ഥലമായിമാത്രം മാറി. ഈ കെട്ടിടം ലൈബ്രറിയായിരുന്നുവെന്ന ഒരു വാക്ക് മാത്രമായി മാറിയിരിക്കുന്നു. അക്ഷര വെളിച്ചത്തിനു മേല്‍ അനാസ്ഥയുടെ കരിനിഴല്‍ വീഴ്‌ത്തിയവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നും ഗാന്ധിനഗര്‍ നിവാസികളായ അപ്പുക്കുട്ടന്‍, പി.കെ. റസാക്ക്, സതീശന്‍ എന്നിവര്‍ പറഞ്ഞു.
46 വര്‍ഷത്തെ സുന്ദരമായ സ്വപ്‌നങ്ങളുടെ കഥകള്‍ പറയേണ്ടിയിരുന്ന ലൈബ്രറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തര നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















