കോട്ടയം: തെക്കുംകൂര്‍ രാജാവ് അക്ഷരനഗരിക്ക് സമ്മാനിച്ച ശില്പകലയുടെ ഉദാത്ത ഭാവമായ തിരുനക്കര കൂത്തമ്പലം വീണ്ടും സജീവമാകുന്നു. ശിവനും പാര്‍വ്വതിയും കാട്ടാളവേളം ധരിച്ച് അര്‍ജ്ജുനനെ പരീക്ഷിക്കുന്ന കിരാതം കൂത്ത് തിരുനക്കരയില്‍ നടന്ന ദേവപ്രശ്‌നവേളയില്‍ ദേവജ്ഞന്മാര്‍ ഭഗവാന് പ്രിയകരമാണെന്ന് കണ്ടെത്തിയിരുന്നു. അത് മുടക്കം കൂടാതെ നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. രാമായണ മാസാചരണത്തിന്റെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ 28ന് വൈകിട്ട് 5ന് തിരുനക്കര കൂത്തമ്പലത്തില്‍ കിരാതം കൂത്ത് നടക്കും.
കേരളത്തിലെ ക്ഷേത്രങ്ങളിലെല്ലാം ഉത്സവവേളകളില്‍ ചാക്യാരുടെ കൂത്ത് അനിവാര്യമായിരുന്നു. 82ന്റെ നിറവിലെത്തിയ ആചാര്യന്‍ കവിയൂര്‍ പി.എന്‍.എന്‍. ചാക്യാരാണ് അരങ്ങിലെത്തുന്നത്. പുരാണങ്ങളിലൊക്കെ അവഗാഹമായ പാണ്ഡിത്യമുള്ള ചാക്യാര്‍ റിട്ടയേഡ് മലയാളം അദ്ധ്യാപകനാണ്. മാധവചാക്യാര്‍, പരമേശ്വര ചാക്യാര്‍, പത്മശ്രീ മാണിമാധവ ചാക്യാര്‍ എന്നിവരാണ് ഗുരുക്കന്മാര്‍. കേരള സംഗീത നാടക അക്കാദമിയുടെ ഗുരുദക്ഷിണ മറ്റു മവിവിധ സംഘടനകളുടെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ചാക്യാര്‍ക്ക് നിരവധി ശിഷ്യസമ്പത്തുണ്ട്. പൊതിയില്‍ ഗുരുകുലം കിരാതം കൂത്തിന് പശ്ചാത്തലമൊരുക്കുമ്പോള്‍ പ്രധാന വാദ്യോപകരണമായ മിഴാവ് കൊട്ടുന്നത് സുധീന്‍സതീഷാണ്.
















