കോട്ടയം: കുമാരനെല്ലൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന നിരാലംബരായ സ്ത്രകളെയും കുട്ടികളെയും പാര്‍പ്പിക്കുന്ന സാന്ത്വനത്തിന്റെ പുതിയ കെട്ടിടം പണിക്ക് പഞ്ചായത്ത് തടസ്സം നില്‍ക്കുന്നതായി പരാതി. സാമൂഹ്യപ്രവര്‍ത്തകയായ ആനിസാബുവിന്റെ നേതൃത്വത്തില്‍ ഉള്ള ഈ സ്ഥാപനം ഇന്ന് പ്രതിസന്ധിയിലാണ്. നിലവില്‍ സാന്ത്വനം പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒരു വലിയ വീടാണ്. എന്നാല്‍ 86 പേര്‍ക്ക് ഇവിടെ താമസിക്കുന്നതിന് സ്ഥലപരിമിതി ഉള്ളതിനാല്‍ ഇതിനോടുചേര്‍ന്ന് പുതിയ കെട്ടിടം പണിയാന്‍ പ്ലാന്‍ ഉണ്ടാക്കി. ഇതനുസരിച്ച് ഒരു വ്യക്തി ആദ്യനില പണിതുതരാമെന്ന് സമ്മതിച്ചു. കെട്ടിടത്തിന്റെ പ്ലാന്‍ മെയ് 2ന് കോട്ടയം മുനിസിപ്പാലിറ്റിയുടെ കീഴിലെ കുമാരനെല്ലൂര്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പലവിധ ന്യായീകരണങ്ങളും ചൂണ്ടിക്കാട്ടി പ്ലാന്‍ അംഗീകരിക്കാന്‍ അധികൃതര്‍ ഇനിയും വിസമ്മതിക്കുകയാണ്. ഓരോ തവണയും ന്യൂനതകള്‍ പരിഹരിച്ച് പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ വീണ്ടും വീണ്ടും വിവിധ ന്യായീകരണങ്ങള്‍ പറയുകയാണ് അധികൃതര്‍. പുതുതായി അധികൃതര്‍ കണ്ടെത്തിയ ന്യൂനത മൂന്നു നിലയില്‍ പ്ലാന്‍ ഇട്ടിരിക്കുന്ന കെട്ടിടത്തിന് 81 കാര്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥല വേണമെന്നാണ്. എന്നാല്‍ 25 കാര്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലമേ സ്ഥാപനത്തിന് ഇപ്പോള്‍ ഉള്ളൂ. പോലീസ്, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി, സാമഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ എത്തിക്കുന്ന നിരാലംബരാണ് ഇവിടെയുള്ളത്. വല്ലപ്പോഴും മാത്രം ഇവിടെ കാറില്‍ ആളുകള്‍ എത്തുന്ന ഈ സ്ഥാപനത്തിന് എന്തിനാണ് 81 കാര്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നാണ് അന്തേവാസികള്‍പോലും ചോദിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് സാന്ത്വനത്തിലെ അന്തേവാസികള്‍ പഞ്ചായത്തുപടിക്കല്‍ ധര്‍ണ നടത്തി. എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായ മറുപടി ഇതുവരെ ലഭിച്ചിട്ടെന്ന് സാന്ത്വനം അധികൃതര്‍ പറയുന്നു.
















