510. സാക്ഷീഃ – ജീവികളുടെ കര്‍മ്മങ്ങള്‍ വിലയിരുത്തി കര്‍മ്മഫലം കൊടുക്കുന്നതും കര്‍മ്മബന്ധങ്ങള്‍ വിധിക്കുന്നതും ഭഗവാനാണ്. അതിനായി ഭഗവാന്‍ ഒന്‍പതു കര്‍മ്മസാക്ഷികളായി വര്‍ത്തിക്കുന്നു. സൂര്യന്‍, സോമന്‍, കാലന്‍, കാലം, പഞ്ചഭൂതങ്ങള്‍ എന്നിവയാണ് ഭഗവാന്റെ കര്‍മ്മസാക്ഷി രൂപങ്ങള്‍. ഗുരുവായൂരപ്പന്‍ എല്ലാത്തിനും സാക്ഷിയാണ്. ഭഗവാനു സാക്ഷിയായി ആരുമില്ല. ഭഗവാന്റെ ചില പ്രതിഭാസങ്ങളെങ്കിലും തിരിച്ചറിയാത്തവരായും ആരുമില്ല. 512-ാം നാമത്തിന്റെ വ്യാഖ്യാനം നോക്കുക.
511. സര്‍വജിത്ഃ – എല്ലാത്തിനെയും ജയിക്കുന്നവന്‍. എല്ലാത്തിനെയും എന്നുപറഞ്ഞതുകൊണ്ട് തോല്‍പ്പിക്കപ്പെടേണ്ട എല്ലാത്തിനെയും എന്നു മനസ്സിലാക്കണം. ശത്രുക്കളെയെല്ലാം എന്നും പറയാം. ലോകത്തിന്റെ ശത്രുക്കളായിത്തീരുന്ന ദുഷ്ടന്മാര്‍, ധര്‍മ്മനിയമങ്ങളെ ധിക്കരിക്കുന്ന അധര്‍മ്മികള്‍, വ്യക്തിയുടെയും സമൂഹത്തിന്റെയും ശാന്തി നശിപ്പിക്കുന്ന കാമക്രോധാദികളായ ശത്രുക്കള്‍, പ്രകൃതിയുടെ സമതുലിതാവസ്ഥ നശിപ്പിക്കുന്ന ഭൂകമ്പം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കല്‍, വരള്‍ച്ച തുടങ്ങിയവ എന്നിങ്ങനെ പറഞ്ഞുതീര്‍ക്കാനാകാത്തവിധം അസംഖ്യമാണു ശത്രുക്കള്‍. ഇതില്‍ ഏതിനെയെങ്കിലും എതിര്‍ത്തു തോല്‍പ്പിക്കാനുള്ള കഴിവ് മനുഷ്യര്‍ക്കോ ദേവന്മാര്‍ക്കോ ഇല്ല. ഭഗവാന് സങ്കല്‍പം മാത്രം കൊണ്ട് ഇവയെല്ലാം തോല്‍പിക്കാന്‍ കഴിയും. ആയുധങ്ങളും സൈന്യവുമൊക്കെയായി യുദ്ധത്തിനിറങ്ങുന്നത് ലോകബോദ്ധ്യത്തിനായുള്ള അഭിനയം. ഭഗവാന്റെ കാരുണ്യം നേടാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും ഏതു ശത്രുവിനെയും തോല്‍പ്പിക്കാന്‍ കഴിയും.
512. സാക്ഷീവര്‍ജ്ജിതഃ – സാക്ഷി ഇല്ലാത്തവന്‍. ഭഗവാന്‍ എല്ലാത്തിനും സാക്ഷിയാണെന്ന് 510-ാം നാമത്തില്‍ പറഞ്ഞു. പക്ഷേ ഭഗവാനു സാക്ഷിയായി ആരുംതന്നെയില്ല. എല്ലാ ലോകങ്ങളിലും ലോകങ്ങളിലുള്ള എല്ലാ ജീവികളിലും വസ്തുക്കളിലും നിറഞ്ഞുനില്‍ക്കുന്ന ഗുരുവായൂരപ്പനു സാക്ഷിയാകാന്‍ അത്രയും കഴിവുകളുള്ള മറ്റൊരു ശക്തി ഉണ്ടാകണം. അങ്ങനെയൊരു ശക്തിയില്ല. ഭഗവാന്റെ പല ലീലകള്‍ക്കും നാമെല്ലാം എപ്പോഴും സാക്ഷികളാണെങ്കിലും അതറിയാനുള്ള കഴിവു നമുക്കില്ലാത്തതുകൊണ്ട് നമ്മെ സാക്ഷികളെന്നു പറയാനാവില്ല.
513. സൗമ്യഃ – സൗമ്യന്‍. സോമനുമായി ബന്ധപ്പെട്ടതെന്നാണ് സൗമ്യ ശബ്ദത്തിന്റെ പദാര്‍ത്ഥം. ശാന്തശീതളമായ ദീപ്തിയാണു സോമന്റെ പ്രതേ്യകത.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















