കടുത്തുരുത്തി: സപ്ലൈക്കോയുടെ കീഴിലുള്ള കടുത്തുരുത്തി ലാഭം മാര്‍ക്കറ്റ്, പെരുവ സൂപ്പര്‍മാര്‍ക്ക്, ഞീഴൂര്‍ മാവേലി സ്റ്റോര്‍ എന്നിവിടങ്ങളില്‍ കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികളും സപ്ലൈക്കോയും തമ്മില്‍ നിലിനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കുന്നതിന് ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരാചയപ്പെട്ട സാഹചര്യത്തില്‍ അന്തിമശ്രമം എന്ന നിലയില്‍ ബന്ധപ്പെട്ട എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് 19ന് ഉച്ചകഴിഞ്ഞ് 3 മണിയ്‌ക്ക് കടുത്തുരുത്തിയില്‍ വച്ച് അനുരഞ്ജന ചര്‍ച്ച വിളിച്ചുകൂട്ടാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
ഭക്ഷ്യമന്ത്രി അനൂപ് ജേക്കബുമായി മോന്‍സ് ജോസഫ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് എം.എല്‍.എ.യുടെ സാന്നിദ്ധ്യത്തില്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചത്. സപ്ലൈക്കോ ജനറല്‍ മാനേജരെ സര്‍ക്കാര്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കടുത്തുരുത്തി കടപ്പൂരാന്‍ ആഡിറ്റോറിയത്തില്‍ ചേരുന്ന യോഗത്തില്‍ സപ്ലൈക്കോ അധിക്യതര്‍, ബന്ധപ്പെട്ട ലേബര്‍ ആഫീസര്‍മാര്‍, വിവിധ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
സപ്ലൈക്കോയും തൊഴിലാളികളും തമ്മില്‍ കൂലിവര്‍ദ്ധനവ് സംബന്ധിച്ച് കഴിഞ്ഞ ആറുമാസങ്ങളായി പലഘട്ടങ്ങളിലായി ചര്‍ച്ചചെയ്‌തെങ്കിലും പ്രശ്‌നപരഹാരമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഒട്ടാകെ സപ്ലൈക്കോ കൊടുക്കുന്ന കൂലിവര്‍ദ്ധനവിന്റെ പൊതു മാനദണ്ഡത്തിന്റെ വിരുദ്ധമായി വൈക്കം താലൂക്കില്‍ മാത്രം ഉയര്‍ന്ന നിരക്ക് ഉന്നയിച്ചിരിക്കുന്നത് സപ്ലൈക്കോയ്‌ക്ക് കൊടുക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിയ്‌ക്ക് കാരണമായിരിക്കുന്നത്.
വര്‍ദ്ധിച്ച കൂലി സംബന്ധിച്ച് ധാരണയാകാതെ നിത്യോപയോഗ സാധനങ്ങള്‍ ഇറക്കാന്‍ തൊഴിലാളികള്‍ അനുവദിക്കാത്തതുമൂലം ആവശ്യസാധനങ്ങള്‍ക്ക് കടുത്തുരുത്തിയിലും, പെരുവയിലും, ഞീഴൂരും ദൗര്‍ലഭ്യം അനുഭവപ്പെടുന്നുണ്ട്. സബ്‌സിഡി നിരക്കിലുള്ള സാധനങ്ങള്‍ ആവശ്യാനുസരണം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും വിതരണകേന്ദ്രത്തില്‍ കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
















