ഈശ്വരനുണ്ടെന്നുള്ളതു നേരുതന്നെയോ? നേരെങ്കില്‍, എനിക്കവിടുത്തെ കാണാനൊക്കുമോ? എനിക്കു സത്യം സാക്ഷാത്കരിക്കാന്‍ പറ്റുമോ? പാശ്ചാത്യചിന്തകള്‍ ഇതെല്ലാം വെറും അപ്രായോഗികമെന്നു കരുതിയേക്കാം. എന്നാല്‍ ഞങ്ങള്‍ക്കിതു പ്രായോഗികമാണെന്നു തീര്‍ച്ചയാണ്. ഈ ആദര്‍ശത്തിനുവേണ്ടി ആളുകള്‍ പ്രാണന്‍ കളയും. അതിപുരാതനകാലംമുതല്‍ ജനങ്ങള്‍ കാമഭോഗങ്ങളെല്ലാം വെടിഞ്ഞ്, വനഗഹ്വരങ്ങളില്‍ച്ചെന്നു കാലം കഴിച്ചിരുന്നു എന്നെല്ലാം നിങ്ങള്‍ കേട്ടുവല്ലോ. ഈ ആശയം സാക്ഷാത്കരിക്കുവാന്‍ വേണ്ടി തലച്ചോറിനകത്താകയല്ല, അറിയുകയെന്നതിന്റെ സാധാരണ വിവക്ഷയല്ല. സത്യത്തെ യുക്തിയില്‍ക്കൂടി എത്തിപ്പിടിക്കുകയില്ല.
ഇരുട്ടത്തു തപ്പിത്തടയുകയല്ല, പിന്നെയോ ഈ ദൃശ്യപ്രപഞ്ചം ചക്ഷുരാദീന്ദ്രിയങ്ങള്‍ക്കെതിനെക്കാള്‍ ദൃഢമായ, നിസ്സന്ദേഹമായ പ്രത്യക്ഷദര്‍ശനത്തിനുവേണ്ടി, പുണ്യനദികളുടെ തീരദേശങ്ങളില്‍ തീവ്രശോകസങ്കുലമായ അശ്രുധാരവാര്‍ത്തുകൊണ്ട് കാലം കഴിക്കുവാനായി നൂറുകണക്കിനാളുകള്‍ വീടു വെടിഞ്ഞുപോയിട്ടുണ്ട്. അതാണ് ചിന്ത. അതിനെക്കുറിച്ചൊരു സമര്‍ത്ഥനത്തിനും ഞാനിപ്പോള്‍ മുതിരുന്നില്ല. പക്ഷേ അവരുടെ മനസ്സില്‍ ഊന്നിയുറപ്പിക്കുന്ന ഏക സംഗതി അതാണ്.
– സ്വാമി വിവേകാനന്ദന്‍
















