ന്യൂദല്‍ഹി: സംവരണതത്വങ്ങള്‍ പാലിക്കാതെയുള്ള നിയമനങ്ങള്‍ നിത്യസംഭവമായ ദല്‍ഹി കേരളാ ഹൗസിലെ ഏക മുസ്ലിം ജീവനക്കാരനെ അന്യായമായി പിരിച്ചുവിട്ടതായി പരാതി. ഈ താല്‍ക്കാലിക ജീവനക്കാരന് മുഖ്യമന്ത്രിയേയും മുസ്ലിംലീഗ് മന്ത്രിമാരെയും പലതവണ കണ്ട് പരാതി നല്‍കിയിട്ടും നടപടിയില്ല. ഇതോടെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാനൊരുങ്ങുകയാണ് ഡ്രൈവറായ തിരുവനന്തപുരം ശാന്തിവിള സ്വദേശി സുള്‍ഫിക്കര്‍.
2011 മുതല്‍ കേരളാഹൗസിലെ റസിഡന്‍സ് കമ്മീഷണറുടെ ഡ്രൈവറായിരുന്നു സുള്‍ഫിക്കര്‍. 2014 ജനുവരിയിലാണ് ജോലിയില്‍ നിന്ന് ഇയാളെ മാറ്റിനിര്‍ത്തിയത്.
റസിഡന്‍സ് കമ്മീഷണര്‍ക്ക് ഡ്രൈവറെ അനുവദിച്ചതുമുതല് സുള്‍ഫിക്കറായിരുന്നു ആ ജോലിയില്‍. എന്നാല്‍ ഒരു വര്‍ഷം മുമ്പ് സുള്ഫിക്കറെ ഗസ്റ്റ്ഹൗസിലെ ഡ്രൈവറാക്കി. 2014 ജനുവരിയില്‍ കരാര്‍ പുതുക്കി നല്‍കാതെ പിരിച്ചുവിടുകയും ചെയ്തു. താല്‍ക്കാലിക ജീവനക്കാരായി ഒരു വര്‍ഷം പോലും പ്രവൃത്തിപരിചയമില്ലാത്തവര്‍ വരെ ഉള്‍പ്പെട്ട 27 ജീവനക്കാരുടെ പട്ടിക സ്ഥിരനിയമനത്തിനായി റസിഡന്‍സ് കമ്മീഷണര്‍ സംസ്ഥാന സര്‍ക്കാരിന് അയച്ചിട്ടുണ്ട്. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഈ ശുപാര്‍ശ പരിഗണിക്കപ്പെട്ടേക്കും.
ഈ പട്ടികയില്‍ ഉള്പ്പെടാമായിരുന്ന ഏക മുസ്ലിംസമുദായക്കാരനായിരുന്നു സുള്‍ഫിക്കര്‍. ദല്‍ഹി കേരളാഹൗസിലെ നിയമനങ്ങള്‍ കോഴവാങ്ങി രാഷ്ട്രീയനേതൃത്വം നടത്തുന്നതാണെന്ന് മുമ്പും ആക്ഷേപം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിലുള്ള കേരളാഹൗസിലെ നിയമനങ്ങള്‍ പിഎസ്സിക്കു വിടണമെന്ന ആവശ്യം ഏറെപ്പഴക്കമുള്ളതാണ്.
















