ചെന്നൈ: അമ്മ കാന്റീനും, അമ്മ മിനറല്‍ വാട്ടറിനും, അമ്മ സാള്‍ട്ടിനും ശേഷം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അമ്മഫാര്മസിയും പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെയാണ് ഫാര്‍മസിയുടെ ഉദ്ഘാടനം നടന്നത്. സംസ്ഥാനത്തുടനീളം 100 ഔട്ട്ലെറ്റുകളാണ് അമ്മ ഫാര്മസിക്കുള്ളത്. ഇതില്‍ ഇരുപതെണ്ണം ചെന്നൈ നഗരത്തിലാണ്. നാല് ശതമാനം മാത്രം ലാഭം ഈടാക്കിയാകും മെഡിക്കല്‍ സ്റ്റോറുകള്‍ വഴി മരുന്ന് വിതരണം നടത്തുക. മറ്റിടങ്ങളില്‍ ഇത് 14 ശതമാനമായിരിക്കും. ജീവന്‍രക്ഷാ മരുന്നുകളുള്‍പ്പെടെ എല്ലാവിധ മരുന്നുകളും വിലകുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സഹകരണമന്ത്രി സെല്ലൂര്‍ രാജു പറഞ്ഞു. എല്ലാ തരത്തിലുമുള്ള മരുന്നുകളും വിലക്കിഴിവില്‍ നല്‍കാനാണ് മുഖ്യമന്ത്രി ജയലളിത ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിനായി സംസ്ഥാന സഹകരണ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഓരോ മെഡിക്കല്‍ സ്റ്റോറുകളും 20 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. എല്ലാത്തിലും എയര്‍കണ്ടീഷനും സജ്ജീകരിച്ചിട്ടുണ്ട്.
കുറഞ്ഞ നിരക്കില്‍ അവശ്യവസ്തുക്കള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ജയലളിത മുന്നോട്ടുവെക്കുന്ന നാലാമത്തെ സംരംഭമാണ് അമ്മ ഫാര്‍മസി. അമ്മ എന്ന പേരിന് തമിഴ്നാട്ടില്‍ വലിയ സ്വീകാര്യതയാണ് ഉള്ളത്. മുഖ്യമന്ത്രി ജയലളിതയെ അമ്മ എന്നറിയപ്പെടുന്നതുകൊണ്ടുതന്നെയാണ് സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് അമ്മ എന്ന പേര് നല്‍കുന്നതും.
ന്യായവിലക്ക് ഭക്ഷണം നല്കുന്ന അമ്മ കാന്റീനുകളാണ് ആദ്യം ആരംഭിച്ചത്. തുടര്‍ന്ന് പായ്ക്ക് ചെയ്ത കുടിവെള്ളം, തൊട്ടുപിന്നാലെ മൂന്ന് തരത്തിലുള്ള വില കുറഞ്ഞ ഉപ്പ്, ഇപ്പോഴിതാ അമ്മ ഫാര്‍മസിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: