ന്യൂദല്‍ഹി: സ്വിസ് ബാങ്കില്‍ പണം നിക്ഷേപിച്ചിട്ടുള്ളവരുടെ പേരു വിവരങ്ങള്‍ നല്കാന് അഭ്യര്‍ഥിച്ച് സ്വിസ് അധികൃതര്‍ക്ക് കത്തയക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കള്ളപ്പണക്കാരുടെ പുതിയ പട്ടിക സ്വിറ്റ്സര്‍ലാന്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കത്തയക്കുന്നത്.
നിക്ഷേപകരുടെ വിശദാംശങ്ങള്‍ നല്‍കുന്നത് വേഗത്തിലാക്കാന്‍ ഇന്ത്യ സ്വിറ്റ്സര്‍ലാന്‍ഡിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുമെന്ന് കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലാന്‍ഡ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാാണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജെയ്റ്റ്ലി പറഞ്ഞു.2013ല്‍ ഇന്ത്യാക്കാരുടെ നിക്ഷേപം 40 ശതമാനം വര്‍ദ്ധിച്ചതായും മൊത്തം 14000 കോടിയാണ് ഇപ്പോള്‍ സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേമെന്നും അവര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ബിനാമികളുടെയും ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും മറവില്‍ കോടിക്കണക്കിനു രൂപ നികുതിവെട്ടിച്ച് സ്വിസ് ബാങ്കില്‍ പൂഴ്ത്തിവച്ചിരിക്കുന്നുവെന്ന സംശയത്തിനിടയാക്കിയവരാണ് പട്ടികയിലുള്ളത്. സ്ഥാപനങ്ങളില്‍ പലതും ഇന്ത്യയ്ക്കു പുറത്താണ്, സ്വിസ് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരുന്നു.കള്ളപ്പണത്തിനെതിരെ ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തിന് തുണയേകുമെന്നും പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കുമെന്നും സ്വിസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: