തിരുന്നാവായ(മലപ്പുറം): ആദിവാസിക്കുട്ടികള്‍ കഴിഞ്ഞദിവസം ഓടിരക്ഷപ്പെട്ട ആലത്തിയൂരിലെ പരപ്പേരിയില്‍ സിഎസ്ഐ മിഷനുകീഴിലുള്ള ബിഇഎം ചര്‍ച്ച് ഓഫ് ഇന്ത്യ ബോയ്സ് ഓര്‍ഫനേജ് പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് ഓര്‍ഫനേജിന്റെ മേല്‍നോട്ടച്ചുമതല ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (ജുവനെയില്‍ ജസ്റ്റിസ്) ഏറ്റെടുത്തു.
രജിസ്ട്രേഷന് ഇല്ലാതെ പ്രവര്‍ത്തിച്ചതിനാല്‍ സ്ഥാപനം ഏറ്റെടുത്ത് ജുവനെയില്‍ പോലീസിന്റെ നിരീക്ഷണത്തിലാക്കുകയായിരുന്നു. രജിസ്ട്രേഷന് സംബന്ധിച്ച് രേഖകള്‍ ഒന്നും ഹാജരാക്കാന്‍ അധികൃതര്‍ക്കായില്ല.
മുമ്പുണ്ടായിരുന്ന രജിസ്ട്രേഷന് അനാഥാലയ അധികൃതര്‍ പുതുക്കിയിട്ടില്ലെന്നും മലപ്പുറം ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ചെയില്‍ഡ് ലൈനും ഡിസിആര്ബിയും സംയുക്തമായി ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (ജുവനെയില്‍ ജസ്റ്റിസ്) ചെയര്മാന് അഡ്വ. ഷെയറെഫ് ഉള്ളത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഫുള്‍ബെഞ്ച് സിറ്റിംഗിലാണ് ഓര്‍ഫനേജിന്റെ മേല്‍നോട്ടച്ചുമതല ഏറ്റെടുത്ത് ഉത്തരവായത്.
അനാഥാലയത്തിലെ സാഹചര്യങ്ങള്‍ കുട്ടികളുടെ താമസത്തിന് യോജിക്കുന്നതല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. കുട്ടികളെ കഠിനമായി ജോലി എടുപ്പിച്ചിരുന്നതായും വൃത്തിഹീനമായ കിടപ്പറയും പ്രാഥമിക സൗകര്യങ്ങളുമാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നതെന്നും ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.
അനാഥാലയത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും കുട്ടികളെ കൊണ്ടുവരുന്ന രീതികളെക്കുറിച്ചും അന്വേഷിക്കാന്‍ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിന് നിര്‍ദ്ദേശം നല്കി. സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍, ബിഇഎം യു.പി സ്കൂളിലെ അദ്ധ്യാപകരായ സി. സുധീഷ്, ടി. ഷാജി എന്നിവരെ പ്രത്യേക നിരീക്ഷകരായും സിഡബ്ല്യുസി നിയമിച്ചു. അനാഥാലയത്തില്‍ നിന്ന് കഴിഞ്ഞദിവസം ഓടി രക്ഷപ്പെട്ട എട്ടു കുട്ടികളെ രക്ഷിതാക്കള്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പം വിട്ടയച്ചു. കുട്ടികളെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍, മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് ഐ.ടി.ഡി.പി ഉദ്യോഗസ്ഥരോട് സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് സിഡബ്ല്യുസിയോടും കാര്യങ്ങളുടെ തുടര്‍പ്രവര്‍ത്തനത്തിന് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിലുള്ള 32 കുട്ടികളില്‍ 11 കുട്ടികള്‍ പ്രാക്തന ഗോത്ര വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ഇവരുടെ പുനരധിവാസം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പാലക്കാട് ജുവനെയില്‍ പ്രൊബേഷന്‍ ഓഫീസറോടും ഉത്തരവിട്ടിട്ടുണ്ട്. സ്ഥാപന മേധാവി ഷിബു റെജിനോള്‍ഡ്, വാര്ഡന് മനോജ് മാത്യു എന്നിവര്‍ക്ക് നോട്ടീസ് നല്കി സിഡബ്ല്യുസി മുമ്പാകെ വിളിച്ചു വരുത്തി തെളിവെടുപ്പ് നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ നടപടികള്‍ക്കായി അടുത്ത സിറ്റിംഗ് നടക്കുന്ന 23ന് ഹാജരാകാനും ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.
ചെയില്ഡ്വെല്ഫെയര്കമ്മിറ്റി ചെയര്മാന് അഡ്വ. ഷെയറെഫ് ഉള്ളത്ത്, ജുവനെയില്‍ പോലീസ് വെല്‍ഫെയര്‍ ഓഫീസര്‍ കെ. ശ്രീകുമാര്‍(ഡിസിആര്‍ബി), ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരായ കെ. അന്‍വര്‍, മുഹ്സിന്‍പരി, കെ. നവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് പൊറ്റശ്ശേരി വനമേഖലയിലെ ആനക്കണ്ണം, ഇരിമ്പന്ചോല ഊരുകളിലെ കോളനിയില്‍ നിന്നും എത്തിച്ച പതിനൊന്ന് ആദിവാസി കുട്ടികളില്‍ എട്ടുപേരാണ് കഴിഞ്ഞദിവസം ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടത്. നാട്ടുകാര്‍ ഈ കുട്ടികളെ ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിച്ചതോടെയാണ് അനാഥാലയത്തിലുണ്ടായ ദുരിതങ്ങള്‍ പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: