കൊച്ചി: മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനത്തെ പരിമിതപ്പെടുത്തുന്നതിനുള്ള നീക്കങ്ങളെയും വള്ളങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തേയും അംഗീകരിക്കില്ലെന്ന് കേരള മത്സ്യ തൊഴിലാളി ഐക്യ വേദി (ടിയുസിഐ). ഇക്കാര്യത്തില്‍ മത്സ്യതൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മത്സ്യതൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്ജ് പറഞ്ഞു.
കഴിഞ്ഞ 26 വര്‍ഷമായി നടപ്പാക്കി വരുന്ന ട്രോളിംഗ് നിരോധനം മത്സ്യമേഖലയിലും തൊഴിലാളികളുടെ ജീവിതത്തിലും ഗുണകരമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൊത്തം മത്സ്യോത്പാദനത്തില് വര്‍ധനവുണ്ടായി. നിരോധനം നടപ്പാക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍ പ്രതിവര്‍ഷം 3.5 ലക്ഷം ടണ്‍ മത്സ്യം പിടിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഈ കാലഘട്ടത്തില്‍ എട്ടു ലക്ഷം ടണ്ണായി ഉത്പാദനം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ 70 ശതമാനം അടിത്തട്ട് മത്സ്യങ്ങളും വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ട്രോള്‍ വലകൊണ്ട് പിടിക്കുന്ന മത്സ്യങ്ങളുടെ ഉത്പാദനം അറുപത് മുതല്‍ മുന്നൂറ് ശതമാനം വരെയാണ് വര്‍ധിച്ചിരിക്കുന്നത്.
സ്ഥിതി വിവര കണക്കുകളും പഠനങ്ങളും അനുഭവങ്ങളും മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം എന്ന ആശയത്തെ പിന്താങ്ങുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ട്രോളിംഗ് നിരോധനം കര്‍ശനമായും നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അവര്‍ വ്യക്തമാക്കി.
കെ.എ. സൈരബാനു കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിരോധനം 75 ദിവസമായി നിജപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ പുതുക്കിയ ഫൈനല്‍ റിപ്പോര്‍ട്ടില്‍ രണ്ടു ഘട്ടങ്ങളിലായി അറുപതു ദിവസത്തെ നിരോധനമാണ് സമിതി മുന്നോട്ടു വെച്ചിരിക്കുന്നത്. റിംഗ് വലകള്‍ ഉപയോഗിക്കുന്ന പരമ്പരാഗത വള്ളങ്ങള്‍ക്കും ഇക്കാലയളവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധന കാലയളവില്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കണെമെന്നും വള്ളങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ കുറിച്ച് വിശദമായ ചര്‍ച്ചയ്ക്കു ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നും തൊഴിലാളി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: