കാക്കനാട് : കളമശ്ശേരിയിലെ കുസാറ്റ് യൂനിവേര്‍സിറ്റി പമ്പ് ഹൗസില്‍ നിന്നും തൃക്കാക്കര ഒലിമുഗല് പമ്പ് ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന കൂറ്റന്‍ പൈപ്പ് പൊട്ടി കാക്കനാട് മേഖലയിലേക്കുള്ള ജലവിതരണം നിലച്ചു.ഏകദേശം 4 മീറ്ററോളം നീളത്തില്‍ റോഡിലെ ടാര്‍ ഇളകി ഗര്‍ത്തമായി മാറിയിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെയാണ് പൈപ്പ് പൊട്ടിയത്. 32 വര്‍ഷം പഴക്കമുള്ള എ സി 500 എം എം പൈപ്പ് ലൈന്‍ ആണിത്. അന്ന് ലോകബാങ്കിന്റെ സഹായത്തോടെ വളരെ ആഴത്തിലാണ് പൈപ്പ് കുഴിച്ചിട്ടിട്ടുള്ളത്. അതിനാല്‍ ഏതു ഭാഗമാണ് പൊട്ടിയതെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്.
ഇതേ ഭാഗത്ത് നിരന്തരം പൈപ്പ് പൊട്ടല്‍ പതിവാണ്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ തന്നെ എട്ടു പ്രാവശ്യം ഈ റോഡില്‍ പൈപ്പ് പൊട്ടിയിരുന്നു. അപ്പോഴെല്ലാം പുതിയ പൈപ്പിടാന്‍ പ്രൊപ്പോസല്‍ ആയി എന്ന പല്ലവിയാണ് ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. രണ്ടു ദിവസം മുന്‍പ് ഭാരത്മാതാ കോളേജിനു മുന്പില് ഇതേ പൈപ്പ് പൊട്ടിയിരുന്നു.
വൈദ്യുതി പോകുമ്പോള്‍ സംഭവിക്കുന്ന ശക്തിയായ എതിര്മര്ദം മൂലമാണ് പൈപ്പ് പൊട്ടുന്നതെന്ന് കേരള വാട്ടര്‍ അതോറിറ്റി കളമശ്ശേരി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.കെ. സുധ പറഞ്ഞു. പൈപ്പിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തൃക്കാക്കര, ചിത്തേത്തുകര, തുതിയൂര്‍, തെങ്ങോട്, ഇടച്ചിറ എന്നിവിടങ്ങളില്‍ ജലവിതരണം നാമമാത്രമായി മാത്രമേ നടക്കൂ. പണി പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ വേണ്ടിവരും. ഇന്നലെ വൈകിട്ട് പൈപ്പ് മാറ്റാനുള്ള പണി ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: