മുംബൈ: ഓണ്‍ലൈന്‍വഴി ഷോപ്പിംഗ് നടത്തുന്നവരില്‍ ഏറെയും യുവതലമുറയെന്ന് പഠന റിപ്പോര്‍ട്ട്. 10 യുവാക്കളെയെടുത്താല് അതില്‍ ഏഴ് പേരും ഓണ്‍ലൈന്‍ ഷോപ്പിംഗ് വരിക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളുടെ ജീവിത രീതികളെക്കുറിച്ച് ഒരു സംഘടന നടത്തിയ സര്‍വ്വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ 14 പ്രധാന നഗരങ്ങളിലാണ് സര്‍വ്വെ നടത്തിയത്. 12-നും 18-നും ഇടയിലുള്ള 18,196 ഓളം കുട്ടികളെയാണ് സര്‍വ്വെയ്ക്കായി ഉപയോഗിച്ചത്.
68 ശതമാനം വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ ഷോപ്പിംഗ് വരിക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 37 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴി ഷോപ്പിംഗ് നടത്തിയത്. ഓണ്‍ലൈന്‍ വഴി ഷോപ്പിംഗ് നടത്തുന്ന യുവാക്കളുടെ എണ്ണം വര്ധിച്ചിക്കുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിനിമാടിക്കറ്റ്, പുസ്തകങ്ങള്‍ എന്നിങ്ങനെ ചെറിയ സാധനങ്ങള്‍ മാത്രമാണ് മുന്‍ വര്‍ഷങ്ങളില്‍ ഷോപ്പ് ചെയ്തിരുന്നത്. എന്നാല്‍ ഇക്കൊല്ലം വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മൊബെയിലുകള്‍ എന്നിങ്ങനെ വില കൂടിയ ഉല്‍പ്പന്നങ്ങള്‍ യുവാക്കള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നുണ്ട്.
മെട്രോ നഗരങ്ങളില്‍ 82 ശതമാനം യുവാക്കളും ഓണ്‍ലൈന്‍ വഴി മൊബെയില്‍ ഫോണുകള്‍ സ്വന്തമാക്കുന്നു. മിനി-മെട്രോ നഗരങ്ങളിലാകട്ടെ 91 ശതമാനം പേരും മൊബെയില്‍ വാങ്ങുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗിലൂടെയാണ്. മൊബെയില്‍ ഫോണുകളും, ടാബ്ലറ്റുകളുമാണ് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ യുവാക്കളുടെ പ്രധാന ആകര്‍ഷണം.
സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളില്‍ ഫേസ്ബുക്ക് ഉപയോഗിക്കാനാണ് കുട്ടികള്‍ക്ക് പ്രിയമെന്നും സര്‍വ്വെയില്‍ പറയുന്നു. 85.8 ശതമാനം കുട്ടികളും ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ മൈക്രോ-ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനോട് കുട്ടികള്‍ക്ക് താല്‍പ്പര്യം കുറവാണെന്നും സര്‍വ്വെ പറയുന്നു. 31 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് സ്വന്തമായി ട്വിറ്റര്‍ അക്കൗണ്ട് ഉള്ളത്. നവമാധ്യമങ്ങള്‍ ആനുകാലിക വിഷയങ്ങളില്‍ അവബോധം തരുമെന്ന് യുവതലമുറ വിശ്വസിക്കുന്നുണ്ടെന്നും സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു. 87 ശതമാനം കുട്ടികളും അത് വിശ്വസിക്കുന്നു. ഉപരിപഠനത്തിന് ഐടി, എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചിരുന്ന യുവതലമുറ മുന്‍ വര്‍ഷങ്ങളേ അപേക്ഷിച്ച് മാധ്യമരംഗവും, വിനോദ മേഖലയും തെരഞ്ഞെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും സര്‍വ്വെ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: