ന്യൂദല്‍ഹി: നഷ്ടം പറഞ്ഞ് യാത്രാക്കൂലി കൂട്ടുന്ന റെയില്‍വേ ക്രമക്കേടിലൂടെ നഷ്ടമാക്കിയത് 4000 കോടിയിലേറെ രൂപ. റെയില്‍വേയുടെ ചരക്കുകടത്തിലെ അഴിമതിയും ക്രമക്കേടുമാണ് ഈ പൊതുമേഖല സ്ഥാപനത്തെ നഷ്ടക്കുഴിയിലേക്ക് വീഴിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്നു. ഇരുമ്പ് അയിര് റെയില്‍മാര്‍ഗം കൊണ്ടുപോകുന്നതിന് രണ്ടുനിരക്കാണ് റെയില്‍വേയ്ക്ക്. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന് കൂടിയ നിരക്കിലാണ് ചരക്കു കൂലി. ആഭ്യന്തര ഉപയോഗത്തിന് സബ്സിഡി ഉള്ളതിനാല്‍ കുറഞ്ഞ നിരക്കും. ഇരുമ്പയിര് കടത്തുന്ന വിവിധ കമ്പനികള്‍ ആഭ്യന്തര ചരക്കുകടത്തു നിരക്കില്‍ വിദേശത്തേക്ക് അയിര് കടത്തിയതുവഴിയാണ് വമ്പിച്ച നഷ്ടം സംഭവിച്ചത്.
യഥാര്‍ത്ഥ കണക്ക് ഇനിയും തയ്യാറാക്കിയിട്ടില്ല. എന്നാല്‍ 2008-12 കാലത്ത് ഈയിനത്തില്‍ 4300 കോടിയോളം രൂപ റെയില്‍വേയ്ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടുകളിലാണ് ഈ കണ്ടെത്തല്‍. 2014 ഫെബ്രുവരിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത് 2,487 കോടിയുടെ നഷ്ടമാണ്. അതിന് മുമ്പത്തെ റിപ്പോര്‍ട്ടില്‍ 1796 കോടിയുടെ നഷ്ടം കണ്ടുപിടിച്ചിരുന്നു.
ഡീസല്‍ വിലവര്‍ദ്ധനയും മറ്റും മൂലം റെയില്‍വേയ്ക്ക് വമ്പിച്ച ചെലവു വര്‍ധനയാണെന്നും നഷ്ടം നികത്താന്‍ യാത്രാ-ചരക്കു കൂലി കൂട്ടുകയല്ലാതെ മാര്‍ഗ്ഗമില്ലെന്നുമാണ് റെയില്‍വേയുടെ വാദം. എന്നാല്‍ ക്രമക്കേടും അഴിമതിയുംവഴി ഉണ്ടായിരിക്കുന്ന നഷ്ടം മാത്രം കണക്കാക്കി തിരിച്ചുപിടിക്കാനായാല്‍ റെയില്‍വേ വന്‍ ലാഭത്തില്‍ നടത്തിക്കൊണ്ടു പോകാനാവുന്ന പൊതുമേഖലാ സ്ഥാപനമാകും.
സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ, കസ്റ്റംസ്, എക്സൈസ്, റെയില്‍വേ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സമിതി അന്വേഷണം നടത്തി 13 എഫ്ഐആറുകള്‍ ഈ കേസുകളില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര വിജിലന്‍സ് കമീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: