428. ഖണ്ഡകഃ – ഖണ്ഡിക്കുന്നവന്‍, നശിപ്പിക്കുന്നവന്. ശത്രുക്കളെ നശിപ്പിക്കുന്നവന് എന്നു വ്യാഖ്യാനിക്കാം. പക്ഷേ ഭഗവാനു ശത്രുക്കളില്ലല്ലോ, സന്താനങ്ങളല്ലേ ഉള്ളൂ. അപ്പോള്‍, തന്റെ സന്താനങ്ങളെ വിഷമിപ്പിക്കുന്ന അധര്‍മ്മത്തെ നശിപ്പിക്കുന്നവന് എന്ന വ്യാഖ്യാനം സ്വീകരിക്കാം. അധര്‍മ്മത്തെ നശിപ്പിക്കാന്‍ അധര്‍മ്മികളായ ക്ഷത്രിയരെ ഇരുപത്തിഒന്നു തവണ പരശുകൊണ്ടു ഖണ്ഡിച്ച ഭഗവാന് ഖണ്ഡപരശു എന്നു പേരുണ്ടായി. ഗുരുവായൂരപ്പന്റെ തമോഗുണ പ്രധാനമൂര്‍ത്തിയായ ശ്രീപരമേശ്വരനും ഖണ്ഡപരശു എന്ന പേരുണ്ട്. രണ്ടു രൂപത്തിലും ഖണ്ഡിക്കുന്നത് അധര്‍മ്മത്തെയാണ്. അധര്‍മ്മത്തെ ഖണ്ഡിക്കുന്നതിനാല്‍ ഖണ്ഡകന് എന്നു നാമം.
429. ഖഡ്ഗീഃ – ഖഡ്ഗം എന്ന ആയുധം ധരിച്ചവന്. ഖഡ്ഗം വാള്. ഗുരുവായൂരപ്പന്റെ പത്താമത്തെ അവതാരമായി ഇനി ഉണ്ടാകാനിരിക്കുന്ന കല്‍ക്കി എന്ന അവതാരപുരുഷന്റെ ആയുധം വാളായിരിക്കുമെന്നും ആ അവതാരത്തില്‍ ഭഗവാന് ഖഡ്ഗി എന്ന പേരുണ്ടാകുമെന്നും കരുതപ്പെടുന്നു. ഖണ്ഡിക്കുന്ന ഏതായുധത്തേയും ഖഡ്ഗം എന്നുപറയാം. മുന്‍നാമത്തില്‍ കണ്ട ഖണ്ഡകന് ഖഡ്ഗിയുമാകാം. ഖണ്ഡനം നശിപ്പിക്കലാണ്.
430. ഖലിഃ – ശിവന് ശൈവാഗമങ്ങളില്‍ ശിവന് പല മൂര്ത്തികളുള്ളതില് ഒന്ന് കൃഷിക്കാരനായിട്ടാണ്. പണ്ട് കൃഷിക്കാരന്റെ സ്വാധീനത്തിലുള്ള കളങ്ങളുടെ എണ്ണവും വലുപ്പവും കൃഷിക്കാരന്റെ പദവിയുടെ തോതായി കരുതിയിരുന്നു. കൊയ്ത ധാന്യം കൊണ്ടുവയ്ക്കാനും മെതിക്കാനും ഉപയോഗിക്കുന്ന കളത്തിന് സംസ്കൃതഭാഷയില്‍ ‘ഖലം’ എന്നുപേര്. ഈ പദം ദ്രാവിഡത്തില്‍നിന്നു സംസ്കൃതം സ്വീകരിച്ചതാണെന്നും അഭിപ്രായമുണ്ട്. ഖലം ഉള്ളവന് ഖലീ. ഈ അര്‍ത്ഥത്തില്‍ ശിവന് ഖലിയാണ്.
ഈ നാമം ഗുരുവായൂരപ്പനെ അനേകം കളങ്ങളുടെ ഉടമയായ കൃഷിക്കാരനായി അവതരിപ്പിക്കുന്നു. ഖലിയായ ശിവന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നു എന്നും പറയാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: