ന്യൂദല്‍ഹി: പതിനാറാം ലോക്സഭയുടെ ആദ്യ ദിനം ദുഖത്താല്‍ നിറഞ്ഞു. ചൊവ്വാഴ്ച കാര്‍ അപകടത്ത്ടര്ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ വിയോഗം ലോക്സഭയില്‍ സങ്കടവും വേദനയും പടര്‍ത്തി. പാര്‍ട്ടിയും രാഷ്ട്രീയവും വെടിഞ്ഞ് നേതാക്കള്‍ വേദനയും സങ്കടവും പങ്കുവെച്ചു. ദേശീയ ഗാനത്തോടെ സഭ തുടങ്ങി. അതു കഴിഞ്ഞയുടന്‍ പ്രോ ടെം സ്പീക്കര്‍ കമല്‍നാഥ് മുണ്ടെയുടെ മരണത്തില്‍ അനുശോചിക്കുന്ന പ്രമേയം വായിച്ചു. ജനങ്ങളുടെ നേതാവെന്നാണ് കമല്‍നാഥ് മുണ്ടെയെ വിശേഷിപ്പിച്ചത്.തുടര്‍ന്ന് പതിവു പോലെ അംഗങ്ങള്‍ ഒരു മിനിറ്റ് മൗനം ആചരിച്ചു.
അതിനു ശേഷം ലോക്സഭാ സെക്രട്ടറി ജനറല്‍ പി.ശ്രീധരന് പുതിയ അംഗങ്ങളുടെ പട്ടിക സമര്‍പ്പിച്ചു. മുണ്ടെയുടെ മരണവും സംസ്കാരവും കണക്കിലെടുത്ത് സത്യപ്രതിജ്ഞ ഒരു ദിവസം നീട്ടിവെക്കണമെന്ന് കമല്‍നാഥ് അഭിപ്രായപ്പെട്ടു.ഇത് അംഗങ്ങള്‍ അംഗീകരിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ഇന്നത്തേക്ക് മാറ്റി. തുടര്‍ന്ന് മുണ്ടെയോടുള്ള ബഹുമാന സൂചകമായി അംഗങ്ങള്‍ രണ്ടു മിനിറ്റ് മൗനം ആചരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: