ന്യൂദല്‍ഹി: അപകടത്തില്‍ കൊല്ലപ്പെട്ട മന്ത്രി ഗോപിനാഥ മുണ്ടെയുടെ ഭൗതിക ശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ദേശീയ നേതാക്കളടക്കം ആയിരങ്ങള്‍ ബിജെപി ആസ്ഥാനമായ 11 അശോകാ റോഡിലെത്തി. ദുഃഖാര്‍ത്തരായ പ്രവര്‍ത്തകരും അണികളും ചേര്‍ന്നപ്പോള്‍ പാര്‍ട്ടി ആസ്ഥാനം ദുഃഖക്കടലായി.
ഉച്ചയോടെ ആശുപത്രിയില്‍നിന്ന് സൈനിക വാഹനത്തില്‍ പാര്‍ട്ടി ആസ്ഥാനത്തെത്തിച്ച മുണ്ടെയുടെ ഭൗതിക ദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി നേതാക്കളും അണികളുമെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചശേഷം പുഷ്പചക്രം വെച്ചു. മുണ്ടെയുടെ ബന്ധുക്കള്ക്കരികെ ഏതാനും മിനുട്ട് നിന്നശേഷമാണ് അദ്ദേഹം പോയത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു വേണ്ടി പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു. രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ ബന്ധുക്കളെ സമാശ്വസിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, വെങ്കയ്യാ നായിഡു, അനന്തകുമാര്‍, സ്മൃതി ഇറാനി, രവിശങ്കര്‍ പ്രസാദ്, രാംവിലാസ് പാസ്വാന്, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവര്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.
ആര്‍എസഎസ് സര്‍കാര്യവാഹ് ഡോ. മോഹന്‍ഭാഗവത്, സഹസര്‍കാര്യവാഹ് സോണിയോടൊപ്പമെത്തി പുഷ്ചക്രം സമര്‍പ്പിച്ചു. മഹാരാഷ്ട്രയിലെ തലമുതിര്‍ന്ന നേതാവായിരുന്നു മുണ്ടെയെന്ന് ആര്‍എസ്എസ് അഖില ഭാരതീയ സഹ സമ്പര്‍ക്ക പ്രമുഖ് രാംമാധവ് അനുസ്മരിച്ചു. എല്‍. കെ. അദ്വാനി അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മുന്‍ പ്രധാനമന്ത്രി വാജ്പേയിക്കു വേണ്ടി റീത്ത് സമര്‍പ്പിക്കപ്പെട്ടു.
കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി അന്തിമോപചാരമര്‍പ്പിക്കാനെത്തി. വിവിധ പാര്‍ട്ടി നേതാക്കളായ ശരത്പവാര്‍, ശരത് യാദവ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ബിജെപി ആസ്ഥാനത്ത് എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: