422. സമാനാധിക്യവര്‍ജിതഃ – തുല്യമായോ അധികമായോ മറ്റാരുമില്ലാത്തവന്‍. ഭഗവാന്‍ എല്ലാത്തിനും പ്രഭവസ്ഥാനവും ആധാരവുമാണ്. അപ്പോള്‍പിന്നെ ഭഗവാന് തുല്യമായി മറ്റൊന്നുണ്ടാകുന്നതെങ്ങനെ? അതുല്യവും സര്‍വാധാരവുമായ ഭഗവാനെക്കാള്‍ മെച്ചപ്പെട്ട എന്തെങ്കിലുമുണ്ടാകുന്നതും അസംഭവ്യമാണ്. അണുവിലും അണുവും ഏറ്റവും മഹത്തായതിനെക്കാള്‍ മഹത്തുമായി ഭഗവാനെ ആചാര്യന്മാര്‍ വാഴ്‌ത്തുന്നു. നാരായണീയം രണ്ടാം ദശകത്തിന്റെ തുടക്കത്തില്‍ ഭഗവാന്റെ രൂപം വര്‍ണിക്കാന്‍ ശ്രമിച്ച മഹാകവി രണ്ടു ശ്ലോകം കൊണ്ട് തൃപ്തിപ്പെടാതെ “മഹീയസോളപി മഹിതം, മോഹനാത്സമ്മോഹനം, കാന്തിനിധാനതോള കാന്തം, മാധുര്യധുര്യാദപി മധുരം, സൗന്ദര്യോത്തരതോളപി സുന്ദരതരം, ആശ്ചര്യതോപ്യാശ്ചര്യം എന്നുപറഞ്ഞ് പിന്‍മാറുന്നതു ശ്രദ്ധിക്കുക. (നാരായണീയം രണ്ടാം ദശകത്തിലെ ആദ്യത്തെ മൂന്നു ശ്ലോകങ്ങളും വ്യാഖ്യാനവും വായിക്കുക.
423. കാലഭൃത് – കാലത്തെ ഭരിക്കുന്നവന്‍. സംഭവങ്ങളുടെ തുടര്‍ച്ച എന്നു കാലത്തെ നിര്‍വചിക്കാം. സൃഷ്ടയും സ്ഥിതിയും സംഹാരവും പ്രപഞ്ചത്തില്‍ ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുന്നു. ലോകങ്ങള്‍ ഉണ്ടാകുകയും നശിക്കുകയും ചെയ്യുന്നതുപോലെ ഓരോ ലോകത്തും നിരവധി ജീവികളും വസ്തുക്കളും പ്രതിഭാസങ്ങളും ഉണ്ടാകുകയും നിലനില്‍ക്കുകയും നശിക്കുകയും ചെയ്യുന്നു. ഓരോ ജീവിയുടെയും വസ്തുവിന്റെയും ഭാഗമായി ബഹുകോടി ഘടകങ്ങള്‍ ഉണ്ടാകുന്നു, വളരുന്നു, ക്ഷയിക്കുന്നു, നശിക്കുന്നു ഈ പ്രവര്‍ത്തനങ്ങളുടെ അനുസ്യൂതമായ തുടര്‍ച്ചയുടെ തോതാണ് കാലം. അത് കണ്ണടച്ചു തുറക്കാന്‍ വേണ്ട സമയമാകാം, കാലാവസ്ഥ മാറുന്ന ഋതുക്കളാകാം, സൂര്യന്‍ ഉദിച്ചസ്തമിക്കുന്ന സമയമാകാം, ഋതുക്കള്‍ ചേര്‍ന്ന വര്‍ഷമോ വര്‍ഷങ്ങള്‍ ചേര്‍ന്ന ശതാബ്ദങ്ങളോ സഹസ്രാബ്ദങ്ങളോ യുഗങ്ങളോ ആകാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















