ശ്ലോകം 91:
ഊര്‍ധ്വഗോ ഊഹിതോ ഊഹ്യോ ഊഹാതീത പ്രഭാവവാന്‍
ഋതംഭരോ ഋതുധരഃ സപ്തര്‍ഷി ഗണസേവിതഃ
401. ഊര്‍ദ്ധ്വഗഃ മുകളിലേക്കു പോകുന്നവന്‍ മായാജന്യമായ പ്രാപഞ്ചിക ബോധത്തിനുപരിയായി വര്‍ത്തിക്കുന്നവന്‍. ആ തലത്തിലേക്കു തന്റെ ഭക്തരെ നയിക്കുന്നവന്‍. ഇന്ദ്രിയാനുഭൂതികള്‍ കൊണ്ടു മനുഷ്യരെ ഭ്രമിപ്പിച്ച് ഞാനെന്നും എന്റേതെന്നും ജയമെന്നും പരാജയമെന്നും നന്ദിയെന്നും നിന്ദയെന്നും പ്രശംസയെന്നുമൊക്കെ പറയുന്ന ഊരാക്കുടുക്കുകളിലാക്കി സമൂഹത്തിന്റെ അടിമകളാക്കുന്നത് ഗുരുവായൂരപ്പന്റെ മായാശക്തിയാണ്. ഭഗവാന്‍ മായയ്‌ക്ക് അതീതനായിരിക്കെത്തന്നെ പ്രപഞ്ച പ്രവര്‍ത്തനം സുഗമമാക്കാന്‍ മനുഷ്യരെ ലൗകിക ബന്ധത്തില്‍ കുരുക്കുകയും ചെയ്യുന്നു. ഒരു കാഴ്ചക്കാരനായി പ്രപഞ്ചഗതി കണ്ടു രസിക്കുകയാണ് ഭഗവാനെന്നു പറയാം. തന്റെ ഭക്തരെ ഭഗവാന്‍ ഉദ്ധരിച്ചു തന്നിലേക്കു നയിക്കും. സ്വയം ഊര്‍ധ്വഗനായ ഭഗവാന്‍ ഭക്തരെ ഊര്‍ധ്വാഗരാക്കുകയും ചെയ്യും.
402. ഊഹിതഃ ഊഹിക്കപ്പെടുന്നവന്‍. ഭഗവാന്‍ ഇന്ദ്രിയങ്ങള്‍ക്ക് അഗോചരനാണെന്ന് 391-ാം നാമത്തില്‍ പറയുന്നു. പക്ഷേ ഭഗവാന്റെ രൂപവും ലീലകളും എല്ലാവര്‍ക്കുമറിയാം. ആ അറിവ് ഊഹിച്ചുണ്ടാക്കിയതാണ്. വ്യാസന്‍ ഊഹിച്ചപ്പോള്‍ വിഷ്ണു കൃഷ്ണനായി ലീലകളാടി. ഭക്തന്‍ എങ്ങനെ സങ്കല്‍പ്പിച്ചാലും ഭഗവാന്‍ ആ രൂപം സ്വീകരിക്കും. ഇപ്പറഞ്ഞതിനര്‍ഥം ഭഗവാന്‍ ഒരു കല്‍പ്പിതകഥാപാത്രം മാത്രമാണ് എന്നല്ല. ഭഗവാനെ ഉള്‍ക്കൊള്ളാനുള്ള കഴിവ് മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്കില്ല. അ പ്പോള്‍പിന്നെ ഊഹിക്കുകയല്ലേ വഴിയുള്ളൂ. ഊഹിക്കുന്ന ഭക്തന്റെ ആഗ്രഹത്തിനു ചേര്‍ന്ന രൂപഭാവങ്ങള്‍ ഭഗവാന്‍ സ്വീകരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















