395 – ഉദാനഃ – ഉദാനന്‍. ജീവികളില്‍ പ്രാണനായി വര്‍ത്തിക്കുന്നവന്‍. മനുഷ്യശരീരത്തില്‍ വ്യാപരിക്കുന്ന പ്രാണവായുവിനെ അതിന്റെ വൃത്തിഭേദത്തെ ആസ്പദമാക്കി അഞ്ചായി പറയാറുണ്ട്. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നുപേരുകള്‍. ഇവയെ മൊത്തത്തില്‍ പഞ്ചപ്രാണങ്ങള്‍ എന്നുപറയും. പഞ്ചപ്രാണങ്ങളെ ഗുരുവായൂരപ്പന്റെ രൂപങ്ങളായി അവതരിപ്പിക്കുന്നു. (തുടര്‍ന്നുവരുന്ന നാലുനാമങ്ങളും നോക്കുക). കണ്ഠത്തില്‍ സ്ഥിതിചെയ്ത് സംസാരിക്കാനുള്ള ശക്തിതരുന്ന വായുവാണ് ഉദാനന്‍. ഭാഷയായി മനുഷ്യന്റെ എല്ലാ ജ്ഞാനത്തിനും സമൂഹബന്ധത്തിനും ആധാരമായി ഉദാനന്‍ വര്‍ത്തിക്കുന്നു.
396. ജീവദായകഃ – ജീവന്‍ കൊടുക്കുന്നവന്‍. ഉദാനന്‍ എന്ന നാമത്തിന്റെ വ്യാഖ്യാനത്തില്‍ അഞ്ചു പ്രാണന്മാരുടെ പേര് പറഞ്ഞിരുന്നു. അവയില്‍ ആദ്യത്തെ പ്രാണന്റെ പേര് ‘പ്രാണന്‍’ എന്നായിരുന്നു. ശരീരത്തിന് ജീവന്‍ നല്‍കുന്ന വായുവായതുകൊണ്ട് പ്രാണന് ജീവദായകന്‍ എന്നു ഗുണനാമം. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പ്രാണന്‍ ശ്വാസകോശങ്ങളെ പ്രവര്‍ത്തിപ്പിച്ച് അന്തരീക്ഷവായു ആഗിരണം ചെയ്യുകയും ശരീരത്തിനുള്ളിലുള്ള മാലിന്യങ്ങള്‍ വായുവിലേക്ക് വിസര്‍ജിക്കുകയും ചെയ്യുന്നു. ആഹാരത്തിലെ പോഷകഘടകങ്ങള്‍ ശരീരത്തിലാകെ വ്യാപിപ്പിക്കുന്നതും പ്രാണനാണ്. അഞ്ചുപ്രാണന്മാരില്‍ പ്രധാനി പ്രാണനാണെന്ന് പറയാം. പ്രാണനെ ജീവദായകനായി നാമം സ്തുതിക്കുന്നു.
397. വ്യാനഃ – വ്യാനന്‍. പഞ്ചപ്രാണന്മാരില്‍ ഒന്ന്. ശരീരമാസകലം വ്യാപിച്ചിരിക്കുന്ന ഈ വായു ശരീരത്തിലെ എല്ലാ നാഡികളെയും നിയന്ത്രിക്കുന്നു. ശരീരത്തിന്റെ രൂപം നിലനിറുത്തുന്നതും കേടുപറ്റാതെ ശരീരത്തെ സംരക്ഷിക്കുന്നതും കണ്‍പോളകളെ അടയ്‌ക്കുകയും തുറക്കുകയും ചെയ്യുന്നതും ശരീരത്തിലെ ഓരോ കോശത്തിനും അവയവത്തിനും പ്രവര്‍ത്തനക്ഷമത നല്‍കുന്നതും ഈ വായുവാണ്. അതിനെ ഗുരുവായൂരപ്പനായി രൂപണം ചെയ്യുന്നു.
398. അപാനഃ – അപാനന്‍. പഞ്ചപ്രാണത്തില്‍ ഒന്ന്. ഗുദത്തില്‍ സ്ഥിതിചെയ്ത് മലമൂത്രങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കുന്നു. ശരീരത്തിന്റെ അഭംഗുരമായ വളര്‍ച്ചയ്‌ക്കും നിലനില്‍പിനും സഹായിക്കുന്ന ഈ വായുവിനെ ഗുരുവായൂരപ്പനായി ഈ നാമം വാഴ്‌ത്തുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















