ഒരാളോട് ദ്വേഷിക്കുമ്പോള്‍ നമുക്ക് മനസ്സമാധാനമുണ്ടോ ? സ്നേഹിച്ചിരിക്കുമ്പോഴല്ലേ നമുക്ക് സമാധാനം കിട്ടുന്നത്? ഒരു പുഷ്പത്തിന്റെതന്നെ പരിമളം ശ്വസിക്കുമ്പോഴല്ലെ നമുക്ക് നല്ല സുഖം കിട്ടുന്നത് ? മൂക്കടച്ചുപിടിച്ചുകൊണ്ടിരുന്നാല്‍ സുഗന്ധം വരുമോ ? ചക്കര അത് നുണഞ്ഞുതിന്നുമ്പോഴല്ലേ രുചി കിട്ടുന്നത് ? അതോ വൈരാഗ്യം കൊണ്ടാണോ ? പ്രേമംകൊണ്ടാണ്. അമേധ്യം കാണുമ്പോള്‍ മൂക്കുപൊത്തും. അത് വൈരാഗ്യമേ ആകുന്നുള്ളൂ. അവിടെ പ്രേമമില്ല. ആനന്ദമാകുന്നില്ല. ‘ലോകവസ്തുക്കളില്‍നിന്നുകിട്ടുന്ന സുഖമെല്ലാം താത്കാലികമാണ്. അവതന്നെ പിന്നീട് ദുഃഖത്തിനും കാരണമാകുന്നു.
ലോകത്തില്‍നിന്ന് ലഭിക്കുന്ന സുഖം നിത്യമല്ല, ക്ഷണികമാണ്. അതിനാല്‍ അത് മിഥ്യയാണ്. ഇങ്ങനെ ചിന്തിച്ച് അവയെ ത്യജിക്കുന്നതിന് വൈരാഗ്യമെന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ ആനന്ദം ലഭിക്കണമെങ്കില്‍ മിഥ്യയെ വൈരാഗ്യത്തോടെ ഉപേക്ഷിച്ചതുകൊണ്ടായില്ല. നിത്യമായതിനെ പ്രേമപൂര്‍വ്വം നേടുകയും വേണം. അതില്‍നിന്നാണ് ശാശ്വതമായ ആനന്ദം ലഭിക്കുന്നത്. മിഥ്യാലോകത്തെ നാം വെറുക്കണ്ട. മിഥ്യാലോകത്തില്‍നിന്ന് നാം പഠിക്കേണ്ടത് നിത്യലോകത്തിലെത്താനാണ്. നമുക്കുവേണ്ടത് നിത്യലോകമാണ്. പ്രേമംകൊണ്ട് മാത്രമേ നമുക്ക് വികസിക്കാന്‍ സാധിക്കുകയുള്ളൂ. ചന്ദ്രനുദിക്കുമ്പോള്‍ അതിനോടുള്ള പ്രേമംകൊണ്ട് ഭൂമിയിലെ ജലം മുകളിലേക്ക് പൊന്തുന്നു. കായല്‍ജലവും സമുദ്രജലവും എല്ലാം മുകളിലേക്കുയരും. വായുവിന്റെ സ്പര്‍ശം അനുഭവിക്കാന്‍വേണ്ടി പുഷ്പം വിടരുന്നു. അതും പ്രേമംകൊണ്ടുമാത്രമാണ്. അപ്പോള്‍ ആനന്ദമേതില്‍നിന്നുമാണ് കിട്ടുന്നത് ? വൈരാഗ്യത്തില്‍നിന്നല്ല, പ്രേമത്തില്‍ നിന്നാണ്.
– മാതാ അമൃതാനന്ദമയീദേവി
















