നാമം: 359. വിശ്വരൂപപ്രദര്‍ശക: വിശ്വരൂപം പ്രദര്‍ശിപ്പിച്ചവന്‍. 357-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ദുര്യോധനനും അനുജന്മാരും ഭഗവാനെ പിടിച്ചുകെട്ടാന്‍ ശ്രമിച്ചകാര്യം പറഞ്ഞു. ഈ വിവരം അറിഞ്ഞ ശ്രീകൃഷ്ണന്‍ ദുര്യോധനനോട് ‘ഞാന്‍ ഒറ്റയ്‌ക്കാണെന്ന് കരുതി നീ എന്നെ പിടിച്ചുകെട്ടാമെന്ന് കരുതുന്നു. എന്നോടൊപ്പം പാണ്ഡവരും വൃഷ്ണകളും അന്ധകരും ആദിത്യവും വസുക്കളും രുദ്രന്മാരും മഹര്‍ഷിമാരും ഉണ്ട്. ‘നോക്കൂ’ എന്നുപറഞ്ഞ് ഉച്ചത്തില്‍ ചിരിച്ചു. ചിരിച്ചപ്പോള്‍ മിന്നലിന്റെ പ്രകാശമുണ്ടായി. അംഗുഷ്ഠപ്രായരായ ദേവന്മാര്‍ അഗ്നിജ്വാല പ്രസരിപ്പിച്ചു. കൃഷ്ണന്റെ നെറ്റിയില്‍ ബ്രഹ്മാവും മാറത്ത് രുദ്രനും കൈകളില്‍ ലോകപാലരും വായില്‍ അഗ്നിയും പ്രത്യക്ഷരായി. ആദിത്യന്മാരും സിദ്ധന്മാരും സാധ്യരും വസുക്കളും അശ്വിനീപുത്രരും ഇന്ദ്രനും മരുത്തുകളും വിശ്വദേവകളും ഗന്ധര്‍വന്മാരും ആശരന്മാരും യക്ഷനും അവിടെ കാണപ്പെട്ടു. രണ്ടു കൈകളിലും ഹലായുധനായ ബലരാമനും ഗാന്ധീവമേന്തിയ അര്‍ജ്ജുനനും പ്രത്യക്ഷരായി. ഭീമനും യുധിഷ്ഠിരനും നകുലനും സഹദേവനും പ്രദ്യുമ്നന്‍ തുടങ്ങിയവരും ആയുധമേന്തിയവരായി അവിടെ ഉണ്ടായി. ഭഗവാന്റെ അനേകം കൈകളിലായി. ശംഖം, ചക്രം, ഗദ, ശക്തി, ശാര്‍ങ്ഗം, കലപ്പ, മുസലം നാന്ദകം തുടങ്ങി ജ്വലിക്കുന്ന അനേകം ആയുധങ്ങള്‍ കാണപ്പെട്ടു. ഭഗവാന്റെ കണ്ണ്, മൂക്ക്, കാത് എന്നിവയില്‍ നിന്ന് ഭയജനകമായി പുകയും അഗ്നിജ്വാലയുമുണ്ടായി. സൂര്യനില്‍ നിന്ന് രശ്മികളെന്നപോലെ കൃഷ്ണന്റെ ശരീരത്തിലെ രോമകൂപങ്ങളില്‍ നിന്ന് പ്രകാശരശ്മികള്‍ പ്രസരിച്ചു. കേശവന്റെ ഈ ഘോരമായ മൂര്‍ത്തികണ്ട് കൗരവര്‍ പേടിച്ചു കണ്ണടച്ചുപോയി. മാധവന്റെ വിശ്വരൂപം കൗരവസഭയില്‍ പ്രകാശിച്ചപ്പോള്‍ ദേവന്മാര്‍ വാദ്യഘോഷങ്ങളോടെ ആകാശത്തുനിന്ന് പൂമഴ പൊഴിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















