എരുമേലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കാവുകള്‍ സംരക്ഷിക്കുന്നതിനായി തയ്യാറാക്കിയ ദേവാരണ്യം കാവ് സംരക്ഷണ പദ്ദതി ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിച്ചു. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തോളം പഴക്കമുള്ള പാത്തിക്കക്കാവ് സംരക്ഷിക്കുന്നതിനായി ദേവാരണ്യം പദ്ധതിയിലുള്‍പ്പെടുത്തിയെങ്കിലും തുടര്‍നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കാതിരുന്നതാണ് എരുമേലിയിലെ പാത്തിക്കക്കാവ് നാശോന്മുഖമാകാന്‍ കാരണമായിരിക്കുന്നത്.
കാവുകളുള്‍പ്പെടെയുള്ള ദേവസ്വം ഭൂമികള്‍ സംരക്ഷിക്കുന്നതിനായി 2002ല്‍ ദേവസ്വം ബോര്‍ഡ് തയ്യാറാക്കിയ ദേവാരണ്യം പദ്ധതി പ്രകാരം അന്നത്തെ ബോര്‍ഡ് മെമ്പര്‍ ഡി. ശശിധരന്‍ എരുമേലി പാത്തിക്കക്കാവ് സന്ദര്‍ശിച്ച് നടപടികള്‍ക്കായി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും തുടര്‍നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല. നൂറുകണക്കിന് ഏക്കര്‍ ഭൂമിയുണ്ടായിരുന്ന എരുമേലി പശ്ചിമദേവസ്വം വക ഭൂമികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് നാട്ടുകാരായ ചിലര്‍ക്ക് നല്‍കിയതൊഴിച്ചാല്‍ കാവുകള്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ നടത്തിപ്പിനായി മാത്രം വരുന്ന ഉദ്യോഗസ്ഥര്‍ കാവുകളുടെ സംരക്ഷണപദ്ധതിക്ക് അനുകൂലമായ നടപടി സ്വീകരിക്കാതിരുന്നതാണ് എരുമേലിയിലെ കാവുകള്‍ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
പശ്ചിമഘട്ട ദേവസ്വത്തിന്റെ ഭാഗമായിരുന്ന പാത്തിക്കക്കാവിന് 1.20 ഏക്കര്‍ ഭൂമിയുണ്ടായിരുന്നുവെന്നും ചെറുവള്ളി തോട്ടത്തിലെ പൂവന്‍പാറമല ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്നതായും പഴമക്കാര്‍ പറയുന്നു. എന്നാല്‍ പാത്തിക്കക്കാവിലെ കാവിന്റെ ഭൂമിയത്രയും കയ്യേറിയതായും ഇപ്പോള്‍ വെറും അമ്പതുസെന്റ് സ്ഥലം മാത്രമാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു.
വര്‍ഷങ്ങളായി എരുമേലി ദേവസ്വത്തിലെത്തുന്ന ഓഫീസര്‍മാര്‍ ശബരിമല സീസണ്‍ ഒരുക്കങ്ങള്‍ മാത്രം പരിശോധിച്ച് സ്ഥലംമാറിപ്പോകുന്നതല്ലാതെ ദേവസ്വം വക ഭൂമിയെക്കുറിച്ചോ, കാവുകളെക്കുറിച്ചോ പഠിക്കാനോ നിലനിര്‍ത്താനോ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ള പാത്തിക്കക്കാവില്‍ സന്ദര്‍ശിക്കാനോ സംരക്ഷിക്കാനോ ഇതുവരെ തയ്യാറാകാതിരിക്കുന്നതിനു പിന്നില്‍ ദേവസ്വത്തിന്റെ കടുത്ത അനാസ്ഥ തന്നെയാണെന്നും ഹൈന്ദവസംഘടനകളെന്നും പറയുന്നു. പാത്തിക്കക്കാവില്‍ ഒടിഞ്ഞുവീണമരം ലേലംചെയ്തു വില്‍ക്കാന്‍ മാത്രമായി വര്‍ഷങ്ങള്‍ക്കുമുമ്പ് ദേവസ്വം ബോര്‍ഡിലെ ചിലര്‍ എത്തിയിരുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ ലക്ഷക്കണക്കിനു രൂപ നീക്കിവച്ചുവെങ്കിലും പാത്തിക്കക്കാവ് സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കടുത്ത വേനലില്‍പോലും നിലയ്‌ക്കാത്ത നീരുറവയില്‍ നിലനില്‍ക്കുന്ന പാത്തിക്കക്കാവിന്റെ പരിശുദ്ധി തകിടം മറിഞ്ഞതിനുപിന്നില്‍ ഉത്തരവാദപ്പെട്ട ദേവസ്വം ഭരണകൂടം തന്നെയാണെന്ന് നാട്ടുകാര്‍ പറയുന്നു. പാത്തിക്കക്കാവില്‍ നാട്ടുകാരില്‍ ചിലര്‍ വിളക്ക് തെളിയിക്കുന്നതിന്റെ പേരില്‍ ബിംബങ്ങള്‍ സ്ഥാപിക്കുകയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ദേവസ്വം ബോര്‍ഡ് ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടുമില്ല. കഴിഞ്ഞദിവസം വൃക്ഷദിനത്തോടനുബന്ധിച്ച് വന്‍വൃക്ഷത്തെ പൂജിക്കാനെത്തിയ പരിസ്ഥിതി പ്രവര്‍ത്തക സംഘത്തെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞിരുന്നു.
ദേവസ്വം ബോര്‍ഡിന്റെ സ്വത്തായ പാത്തിക്കക്കാവിലെ ഭൂമി വീണ്ടും കയ്യേറാനുള്ള സംഘടിത നീക്കമാണ് നടക്കുന്നതെന്നും കാവ് സംരക്ഷിക്കാന്‍ അടിയന്തര നടപടി ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാവുകള്‍ സംരക്ഷിക്കുന്നതിനായി ദേവസ്വം ബോര്‍ഡ് തന്നെ തയ്യാറാക്കിയ ദേവാരണ്യം പദ്ധതി അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















