ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ചെല്‍സി ഇന്ന് സ്പാനിഷ് ടീം അത്ലറ്റികോ മാഡ്രിഡുമായി കൊമ്പുകോര്‍ക്കും. മാഡ്രിഡില്‍ നടന്ന ആദ്യപാദ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ന് സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലാണ് പോരാട്ടമെന്നതിനാല്‍ ചെല്‍സിക്കാണ് മത്സരത്തില്‍ മുന്‍തൂക്കം.
ആദ്യപാദ മത്സരത്തിനിടെ ചെല്‍സിയുടെ ഒന്നാം നമ്പര്‍ ഗോളി പീറ്റര്‍ ചെക്ക്, പ്രതിരോധ നിരയിലെ കരുത്തന്‍ ജോണ്‍ ടെറി എന്നിവര്‍ പരിക്കേറ്റിരുന്നു. എന്നാല്‍ ഇരുവരും ഇന്നലെ നടന്ന പരിശീലനത്തില്‍ പങ്കെടുത്തതോടെ ചെല്‍സി ക്യാമ്പില്‍ ആത്മവിശ്വാസമുയര്‍ന്നിട്ടുണ്ട്. എങ്കിലും ഇരുവരും ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ കളിക്കുമോ എന്ന കാര്യം കോച്ച് ഹോസെ മൊറീഞ്ഞോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഈഡന്‍ ഹസാര്‍ഡ് കാമറൂണ്‍ സ്ട്രൈക്കര്‍ സാമുവല്‍ ഏറ്റു എന്നിവരും പരിക്കിന്റെ പിടിയിലാണ്. കൂടാതെ മധ്യനിര താരങ്ങളായ ജോണ്‍ മൈക്കല്‍ ഒബി, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവര്‍ക്ക് ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ സസ്പെന്‍ഷന്‍ കാരണം കളിക്കാനുമാകില്ല എന്നത് ചെല്‍സിക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. രണ്ടുപേര്‍ക്കും രണ്ട് മഞ്ഞകാര്‍ഡ് കണ്ടതാണ് ബ്ലൂസിന് തിരിച്ചടിയായത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ലിവര്‍പൂളിനെ അവരുടെ മൈതാനത്ത് തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ചരിത്രത്തിന്റെ മൂന്നാം ഫൈനലാണ് ചെല്‍സി ഇന്ന് ലക്ഷ്യമിടുന്നത്. 2012-ല്‍ ചാമ്പ്യന്മാരായ ചെല്‍സി 2008-ല്‍ റണ്ണേഴ്സുമാണ്.
അതേസമയം നാല്‍പത് വര്‍ഷത്തെ ഇടവേളക്കുശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സ്വപ്നം കണ്ടാണ് അത്ലറ്റികോ മാഡ്രിഡ് ഇന്ന് രണ്ടാം പാദത്തിനിറങ്ങുന്നത്. സ്പാനിഷ് ലീഗ് കിരീടത്തിലേക്ക് കുതിക്കുന്ന അത്ലറ്റികോയുടെ സ്വപ്നം ഡബിളാണ്. എന്നാല്‍ ചെല്‍സിയുടെ അവരെ തട്ടകത്തില്‍ കീഴടക്കുക എന്ന കഠിന്യമേറിയ കടമ്പയാണ് അവരെ കാത്തിരിക്കുന്നത്. സ്റ്റാംഫോഡ്ബ്രിഡ്ജില്‍ ചെല്‍സിയെ കീഴടക്കുക എളുപ്പമല്ലെന്ന് അത്ലറ്റികോ താരങ്ങള്‍ക്കറിയാം. എന്നാല്‍ സൂപ്പര്‍താരം ഡീഗോ കോസ്റ്റ, റൗള്‍ ഗാര്‍ഷ്യ, ഡീഗോ, തുടങ്ങിയവരുള്‍പ്പെട്ട താരനിരക്ക് അതിന് കഴിയുമെന്ന കണക്കുകൂട്ടലിലാണ് അത്ലറ്റികോ ടീം മാനേജ്മെന്റ്. എന്നാല്‍ മറ്റൊരു താരമായ ഗാബിക്ക് സസ്പെന്‍ഷന്‍മൂലം ഇന്ന് കളത്തിലിറങ്ങാന്‍ കഴിയില്ല.
















