356. കൗരവക്രൈര്യസംദഷ്ടപാഞ്ചാലീശോകനാശകഃ
കൗരവരുടെ ക്രൂരതയായ കാളസര്‍പ്പത്തിന്റെ കടിയേറ്റ പാഞ്ചാലിയുടെ ദുഃഖത്തെ നശിപ്പിച്ചവന്‍.
354-ാം നാമം ഭഗവാനെ ദ്രൗപദിയുടെ രക്ഷകനായി പറഞ്ഞു. ഈ നാ മം ആ രക്ഷ ആവശ്യമായിത്തീര്‍ന്ന ചില സംഭവങ്ങളെക്കുറിക്കുന്നു. കൗരവരെ ക്രൂരസര്‍പ്പങ്ങളായി അവര്‍ ചെയ്ത ചില നീചകൃത്യങ്ങളെ വിഷപ്പാമ്പിന്റെ ദംശനമായും നാമം ആലങ്കാരികമായി അവതരിപ്പിക്കുന്നു. വിഷപ്പാമ്പിന്റെ കടിയേറ്റുണ്ടാകുന്ന വേദനയും മരണവും ഒഴിവാക്കാന്‍ സമര്‍ഥനായ വിഷഹാരിക്ക് കഴിയും. ഒന്നുരണ്ടു സംഭവങ്ങള്‍ നോക്കുക.
ധര്‍മപുത്രരും ദുര്യോധനനും വാതുവച്ചുനടത്തിയ ചൂതുകളിയില്‍ ശകുനിയുടെ ദുസ്സാമര്‍ഥ്യംകൊണ്ട് പാണ്ഡവരും അവരുടെ ഭാര്യയായ പാഞ്ചാലിയും അടിമകളായി. അടിമയെന്ന അവകാശത്തില്‍ ദുശ്ശാസനന്‍ രജസ്വലയായിരുന്ന പാഞ്ചാലിയെ നിറഞ്ഞസദസ്സിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു. അതുപോരാഞ്ഞെന്നപോലെ അവളുടെ ഉടുതുണി വലിച്ചഴിച്ച് നഗ്നയാക്കാന്‍ ശ്രമിച്ചു. വീരശൂരപരാക്രമികളായ പാഞ്ചാലിയുടെ ഭര്‍ത്താക്കന്മാരായ അഞ്ചുപേരും ധര്‍മത്തിന്റെ പേരില്‍ ഈ ക്രൗര്യം തടയാനാകാതെ നോക്കിനിന്നതേയുള്ളൂ. ധര്‍മജ്ഞരായ ഭീഷ്മദ്രോണാദികളും ഈ അധര്‍മം തടയാന്‍ ശ്രമിച്ചില്ല.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















