ഗാഢനിദ്രയില്‍ ഒരു കൊടും കുറ്റവാളിയെപ്പോലും വല്ല കുറ്റവും ചെയ്യുന്നതായി കുറ്റപ്പെടുത്താന്‍ സാധിക്കുകയില്ല. അപ്രകാരം തന്നെ ശയ്യയില്‍ സുഖനിദ്രചെയ്യുന്ന ഋഷികല്‍പനായ ഒരു വ്യക്തിക്കുപോലും ലോകസേവചെയ്‌വാനും സാധിക്കുകയില്ല. അങ്ങനെ മനുഷ്യനിലെ വിചാരങ്ങളുടെ ഉറവിടത്തെപ്പറ്റി അനലസന്മാരായ നമ്മുടെ ഋഷിമാര്‍ അന്വേഷണം തുടര്‍ന്നു. തത്ഫലമായി, നമ്മിലുള്ള കാമനകളാണ് നമ്മുടെ വിചാരങ്ങളെ നേരില്‍ നിയന്ത്രിക്കുന്നതെന്ന് അവര്‍ കണ്ടെത്തി. ചുട്ടുപൊള്ളുന്ന വിചാര ‘ലാവ’ പൊട്ടിയൊഴുകി ബാഹ്യപ്രവര്‍ത്തനങ്ങളായി രൂപം കൊള്ളുന്നത് കാമനകളാകുന്ന ഈ അഗ്നിപര്‍വ്വതങ്ങളില്‍ നിന്നാണ്. കാമനകളുടെ രൂപവും ഗുണവുമാണ് നമ്മുടെ വിചാരങ്ങള്‍ക്ക് രൂപംകൊടുക്കുന്നത്. വിചാരങ്ങളാവട്ടെ, കര്‍മങ്ങളായി പരിണമിക്കുകയും ചെയ്യുന്നു.
– സ്വാമി ചിന്മയാനന്ദന്‍
















