353. മാദ്രിപുത്രഗുരുഃ
മാദ്രിയുടെ പുത്രരായ നകുലന്റെയും സഹദേവന്റെയും ഗുരുവായി വര്‍ത്തിച്ചവന്‍.
പാണ്ഡുവിന്റെ രണ്ടു ഭാര്യമാരില്‍ ഒരുവളാണ് മാദ്രി. മാദ്രിയുടെ മരണശേഷം കുന്തിയാണ് അവരെ വളര്‍ത്തിത്. യുധിഷ്ഠിരനും ഭീമനും അര്‍ജുനനും അവര്‍ വാത്സല്യഭാജനങ്ങളായിരുന്നു. കൃഷ്ണന്‍ ഗുരുവിന്റെ കാരുണ്യത്തോടെ അവരെ നയിച്ചു. അവര്‍ ശിഷ്യരായി ഭഗവാനെ അനുസരിച്ചു.
354. ദ്രൗപദീരക്ഷകഃ – ദ്രൗപദിയുടെ രക്ഷിതാവ്.
ദ്രുപദരാജാവിന്റെ മകളായി യാഗാഗ്നിയില്‍ ജനിച്ചവളാണ് ദ്രൗപദി. അന്ന് ജീവിച്ചിരുന്ന ക്ഷിത്രിയരില്‍ അഗ്രഗണ്യരായ അഞ്ചു ഭര്‍ത്താക്കന്മാരാണ് ദ്രൗപദിക്കുണ്ടായിരുന്നത്. എന്നിട്ടും മറ്റൊരു സ്ത്രീക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത അപമാനങ്ങളും ദുരിതങ്ങളും അവള്‍ക്ക് അനുഭവിക്കേണ്ടിവന്നു. അതില്‍ ചിലതൊക്കെ തുടര്‍ ന്നുള്ള നാമങ്ങളുടെ വ്യാഖ്യാനത്തില്‍ പറയും. ഭര്‍ത്താക്കന്മാരുടെ മുന്നില്‍ വച്ച് അപമാനിതയായപ്പോഴും മറ്റുപല പരീക്ഷണഘട്ടങ്ങളിലും ദ്രൗപദിയെ രക്ഷിക്കാന്‍ ശ്രീകൃഷ്ണന്റെ കാരുണ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സഹായഹസ്തം എല്ലാക്കാലത്തും അവള്‍ക്ക് തുണയായി ഉണ്ടായിരുന്നു.
355. കുന്തീവാത്സല്യഭാജനഃ – കുന്തിയുടെ വാത്സല്യത്തിന് പാത്രമായവന്‍.
ശ്രീകൃഷ്ണന്റെ പിതാവായ വസുദേവരുടെ സഹോദരിയായിരുന്നു കുന്തി. പാണ്ഡവരുടെ അമ്മയായ കുന്തിയുടെ ജീവിതവും ദുഃഖങ്ങളുടെ തുടര്‍ച്ചയായിരുന്നു. ശ്രീകൃഷ്ണന്‍ വിഷ്ണുഭഗവാന്‍ തന്നെയാണെന്നറിഞ്ഞിരുന്ന കുന്തി തന്റെ പ്രിയപ്പെട്ട പുത്രനായി ഭഗവാനെ കരുതി. യശോദയെയും ദേവകിയെയും പോലെ കുന്തിയും കൃഷ്ണനെ വാത്സല്യഭക്തിയോടെ ആരാധിച്ചിരുന്നു. അസാധാരണമായ ത്യാഗവും അനാസക്തിയും സഹനശക്തിയും ജീവിതാന്ത്യം വരെ നിലനിറുത്താന്‍ കുന്തിയെ സഹായിച്ചത് മാതൃനിര്‍വിശേഷമായ സ്നേഹത്തോടെ ഭഗവാനെ സദാ മനസ്സില്‍ കരുതിയതാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















