ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ ആരെന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള യാത്രയില്‍ ലിവര്‍പൂളിന് വ്യക്തമായ ആധിപത്യം. 35-ാം റൗണ്ടില്‍ നോര്‍വിച്ച് സിറ്റിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് അതിജീവിച്ച ലിവര്‍ (80 പോയിന്റ്) ഒന്നാം സ്ഥാനത്ത് കൂടുതല്‍ ആധികാരികതയോടെ നിലയുറപ്പിച്ചു. രണ്ടാം സ്ഥാനക്കാരായ ചെല്‍സിയെക്കാള്‍ ലിവര്പൂളിനിപ്പോള് അഞ്ച് പോയിന്റ് കൂടുതലുണ്ട്. മൂന്നു മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. സണ്ടര്‍ലാന്റിനോട് തോല്‍വി വഴങ്ങിയതാണ് ചെല്‍സിക്ക് (75 പോയിന്റ്) വിനയായത്. സ്വന്തം തട്ടകത്തില്‍ 2-1 എന്ന സ്കോറിനായിരുന്നു ചെല്‍സിയുടെ പതനം.
റഹീം സ്റ്റര്‍ലിങ്ങിന്റെ മാസ്മരിക പ്രകടനം, അതായിരുന്നു നോര്വിച്ചിനുമേല് ലിവറിന് ജയം സമ്മാനിച്ചത്. രണ്ടു ഗോളുകള്‍ കുറിച്ച സ്റ്റര്‍ലിങ് മറ്റൊന്നിനു വഴിയൊരുക്കി ലിവറിന്റെ സ്റ്റാറായി. നാലാം മിനിറ്റിലായിരുന്നു സ്റ്റര്‍ലിങ്ങിന്റെ ആദ്യ പ്രഹരം. 25 വാരെ അകലെ നിന്ന് സ്റ്റര്‍ലിങ് തൊടുത്ത തടുക്കാനാവാത്ത ഷോട്ട് നോര്‍വിച്ചിന്റെ വലയില്‍ പ്രകമ്പനം തീര്‍ത്തു (1-0). 11-ാം മിനിറ്റില്‍ സ്റ്റര്‍ലിങ് ഗോള്‍ മുഖത്തേക്കു മറിച്ച പന്ത് പിടിച്ച ലൂയിസ് സുവാരസ് സുന്ദരമായി ഫിനിഷ് ചെയ്തു (2-0). സീസണില്‍ സുവാരസിന്റെ 30-ാം ഗോളായിരുന്നത്. 1987ല്‍ ഇയാന്‍ റഷിനുശേഷം ആദ്യമായാണ് ഒരു ലിവര്‍പൂള്‍ താരം ഇത്രയും മികച്ച ഗോള്‍വേട്ട നടത്തുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗ്യാരി കൂപ്പര്‍ (54-ാം മിനിറ്റ്) നോര്‍വിച്ചിനുവേണ്ടി ഒരു ഗോള്‍ മടക്കി (2-1). എട്ട് മിനിറ്റുകള്‍ക്കുശേഷം സ്റ്റര്‍ലിങ് വീണ്ടും വെടിപൊട്ടിച്ചു; ലിവര്‍ രണ്ടു ഗോളിന്റെ മുന്‍തൂക്കം തിരിച്ചുപിടിച്ചു (3-1). 77-ാം മിനിറ്റില്‍ റോബര്‍ട്ട് സ്നോഡ്ഗ്രാസ് നോര്‍വിച്ചിന്റെ ഗോള്‍ നേട്ടം രണ്ടാക്കി (3-2).
എങ്കിലും കോട്ടകാത്ത ലിവര്‍ ജയത്തോടെ മടങ്ങി. സാമുവല്‍ എറ്റുവിലൂടെ മുന്നില്‍ക്കയറിയ ശേഷമാണ് ചെല്‍സി സണ്ടര്‍ലാന്റിനെ നമിച്ചത്. 12-ാം മിനിറ്റിലായിരുന്നു എറ്റുവിന്റെ ഗോള്‍. പിന്നെ കോണോര്‍ വിഖാം (18), ഫാബിയൊ ബോറിനി (83) എന്നിവര്‍ ചേര്‍ന്ന് ചെല്‍സിയുടെ ഹൃദയം തകര്‍ത്തു.
മറ്റൊരു മത്സരത്തില്‍ ഹള്‍ സിറ്റിയെ 3-0ത്തിന് ആഴ്സനല്‍ മറികടന്നു. ലൂക്കാസ് പൊഡോള്സ്കി (2) ആരോണ്‍ റാംസി എന്നിവര്‍ ഗണ്ണേഴ്സിന്റെ സ്കോറര്‍മാര്‍. ആഴ്സനല്‍ (70 പോയിന്റ്) നാലാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: