അബുദാബി: ഐപിഎല്‍ ഏഴാം സീസണിന്റെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. യുഎഇ യില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ 41 റണ്‍സിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ എടുത്ത സുനില്‍ നരെയ്‌നാണ് മുംബൈയെ തകര്‍ത്തത്. നേരത്തെ ബാറ്റിംഗിലും മികച്ച പ്രകടനം കാഴ്ചവെച്ച കൊല്‍ക്കത്തയ്‌ക്ക് ജാക് കാലിസ്(72), മനീഷ് പാണ്ഡെ(64) എന്നിവരുടെ പ്രകടനമാണ് മാന്യമായ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ക്യാപ്റ്റനും ഓപ്പണറുമായ ഗൗതം ഗംഭീര്‍ റണ്‍സെടുക്കാതെ പുറത്തായെങ്കിലും കാലിസ് പാണ്ഡെ സഖ്യം നേടിയ 131 റണ്‍സ് കൊല്‍ക്കത്തയുടെ ഇന്നിങ്‌സിന്റെ നട്ടെല്ലായി.
മറുപടി ബാറ്റിങ്ങില്‍ 48 റണ്‍സെടുത്ത അമ്പാട്ടി റായ്ഡുവിന് മാത്രമേ മുംബൈ നിരയില്‍ തിളങ്ങാനായുള്ളൂ. രോഹിത് ശര്‍മ്മ(27), ആദിത്യ താരെ(24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പൊള്ളാര്‍ഡും, ഏകദിനത്തിലെ സെഞ്ച്വറി റെക്കോര്‍ഡിനുടമയുമായ കോറി ആന്‍ഡേഴ്‌സണും നിരാശപ്പെടുത്തി. ദല്‍ഹി ഡെയര്‍ഡെവിള്‍സും ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സും തമ്മിലാണ് ഇന്നത്തെ മത്സരം.
















