ഉത്തര്‍ പ്രദേശിലെ സ്ഥാനാര്‍ത്ഥികള്‍ മറ്റെല്ലാവരെക്കാളും തിരക്കിലാണ്. രാജ്യത്തിന്റെ രാഷ്‌ട്രീയ പരീക്ഷണശാലയില്‍ ജനവിധി തേടുന്നവര്‍ വോട്ടര്‍മാരുടെ വാതിലുകള്‍ക്കൊപ്പം ദേവാലയങ്ങളുടെ തിരുനടകളില്‍ മുട്ടിവിളിക്കാനും സമയം ചെലവിടുന്നു. പ്രമുഖ നേതാക്കളും അണികളുമെല്ലാം അതിനൊപ്പം കൂടുന്നുണ്ട്. അപ്പോള്‍പ്പിന്നെ തിരക്കേറുക സ്വാഭാവികം.
80 സീറ്റുള്ള യുപിയിലെ ജയം ഇന്ദ്രപ്രസ്ഥത്തിലെ കസേര പിടിക്കാന്‍ ഏറെ നിര്‍ണായകം. ഓരോ മണ്ഡലവും പരമപ്രധാനം. യുപിയിലെ മത്സരത്തെ എല്ലാകാലത്തും ശ്രദ്ധേയമാക്കാന്‍ മറ്റൊരു കാരണം വേണ്ട. മത്സരം കടുത്തതായതിനാല്‍ ദൈവത്തിന്റെ ഒരു കൈ സഹായം കൂടിയുണ്ടെങ്കിലെ അങ്കം ജയിക്കാനാകു. അപ്പോള്‍പ്പിന്നെ ഓരോ ദിനവും ഭക്തിസാന്ദ്രമാക്കാതെ തരമില്ലല്ലോ.
ലക്‌നൗവിലെ സ്ഥാനാര്‍ത്ഥിയായ ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ഈശ്വരവിശ്വാസ പാതയിലെ സഞ്ചാരികളുടെ മുന്‍ നിരയിലുണ്ട്. ജ്വാന്‍പൂരിലെ വിന്ദ്യാവാസിനി ദേവിയില്‍ അടിയുറച്ചു വിശ്വസിക്കുന്ന രാജ്‌നാഥിനുവേണ്ടി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം അണികള്‍ വിജയ് യാഗങ്ങള്‍ ഒരുക്കുന്നു. ചില പ്രശസ്തങ്ങളായ ദര്‍ഗകളില്‍ ചെന്ന് രാജ്‌നാഥും പ്രാര്‍ത്ഥിക്കുന്നു. ദിയോറയിലെ ബിജെപി സ്ഥാനാര്‍ത്ഥി കല്‍രാജ് മിശ്രയുടെ പേരിലും അര്‍ച്ചനകളും പൂജകളും ഏറെ നടക്കുന്നുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയുടെ ജയത്തിനായുള്ള പൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സഹോദരന്‍ പങ്കജ് മോദിയാണ്. ദശ മാധവീയ പൂജയടക്കമുള്ള പുണ്യ കര്‍മ്മങ്ങള്‍ ഇതിനകം മോദിക്കായി നടത്തിക്കഴിഞ്ഞു. വാരാണസിയിലെ ഹനുമാന്‍ ക്ഷേത്രത്തിലും വഴിപാടുകള്‍ ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഎപി നേതാവ് അരവിന്ദ് കേജ്‌രിവാളും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ചെന്ന് സാക്ഷാല്‍ പരമശിവന്റെ അനുഗ്രഹം തേടി ഭക്തിയില്‍ തങ്ങളും പിന്നിലല്ലെന്നു തെളിയിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനുവേണ്ടി ജ്വാന്‍പൂരിലെ പാഗല്‍ ബാബ ആശ്രമത്തിലാണ് ധ്യാനമൊരുക്കിയത്.
മോശം ഭരണത്തിലൂടെ ജനമനസുകളില്‍ നിന്ന് കുടിയിറക്കപ്പെട്ട സമാജ്‌വാദി പാര്‍ട്ടിയുടെ നേതാക്കളും ദൈവത്തെ ശരണം പ്രാപിച്ചവരില്‍പ്പെടുന്നു. മുലായം സിംഗ് യാദവ് മഹായാഗങ്ങളുടെ പിന്നാലെ പായുന്നു. മിക്കവയുടെയും യജ്ഞാധിപന്‍ മുലായം തന്നെ. യാദവരുടെ ജയം മോഹിച്ച് മുലായത്തിന്റെ ബന്ധുവും ബദ്വാനിലെ സ്ഥാനാര്‍ത്ഥിയായ ധര്‍മേന്ദ്ര യാദവ് താന്ത്രിക പൂജകള്‍ അനുഷ്ഠിക്കുന്നു.
ശിവനും കൃഷ്ണനും ഗണപതിയുമൊന്നും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇതുവരെ ഇറങ്ങിയിട്ടില്ല. അവര്‍ക്ക് സമ്മതിദാനാവകാശവുമില്ല. എങ്കിലും, തങ്ങളെ പ്രീതിപ്പെടുത്താന്‍ യത്‌നിക്കുന്ന ‘രാഷ്‌ട്രീയ ഭക്തരില്‍ ആരെയൊക്കെ ആ കരുണാമയന്‍ കൈക്കൊള്ളും, കാത്തിരുന്ന കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: