കൊച്ചി: മഴ തിമിര്‍ത്തുപെയ്യുകയാണ്. സ്ഥലം കലൂര്‍ ബസ്റ്റാന്റിന് സമീപം സിഗ്നല്‍ ഹൗസ്്. മഴയുടെ സംഗീതത്തിനൊപ്പം എങ്ങുനിന്നോ മറ്റൊരു സംഗീതം. ആ സംഗീതത്തിനൊപ്പം ചുവടുകള്‍വച്ച് രണ്ട് ചെറുപ്പക്കാര്‍ മുന്നോട്ട്. കണ്ടു നിന്നവര്‍ക്ക് ഒന്നും മനസിലായിട്ടുണ്ടാവില്ല. മഴ പെയ്തപ്പോഴത്തെ കുസൃതി എന്ന് ധരിച്ചിട്ടുണ്ടാവാം അവര്‍. ആള്കൂട്ടത്തിനിടയില് നിന്നും വീണ്ടും ആറേഴ് ചെറുപ്പക്കാര്‍ ചുവടുമായി ആദ്യം ചുവടുവച്ചവര്ക്കൊപ്പം പങ്കെചേര്ന്നു. ആദ്യത്തെ അമ്പരപ്പ് മാറി ജനത്തിന് കൗതുകമായി. ചെറുപ്പക്കാരുടെ വേഷവും ചുവടുകളും എല്ലാം ഒരേ പോലെ. ഇപ്പോള്‍ വേഷത്തിലെ പ്രത്യേകതകൊണ്ടുതന്നെ അവര്‍ക്ക് കാര്യം പിടികിട്ടി. നീല ജീന്‍സും വെള്ള ടീ ഷര്‍ട്ടില്‍ നരേന്ദ്ര മോദിയുടെ ചിത്രവും ഇന്ത്യ മൈ പാഷന്…. മോദി മൈ പിഎം എന്ന വരികളും എഴുതിയിരിക്കുന്നു. അതേ വ്യത്യസ്തതയെ ഇഷ്ടപ്പെടുന്ന യുവാക്കള്‍ക്കിടയില്‍ ഇപ്പോള്‍ പാഷനായിക്കൊണ്ടിരിക്കുന്ന ഫ്ലാഷ് മോബ് ഡാന്‍സിന്റെ ഒരു ചെറുപതിപ്പാണ് ഇവിടെ അരങ്ങേറിയത്.
കണ്ടുമടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ രീതികളില്‍ നിന്നും വ്യത്യസ്ഥമായി ഫ്ലാഷ് മോബ് ഡാന്‍സ് എന്ന ഐറ്റവുമായി ബിജെപിക്ക് വേണ്ടി യുവമോര്‍ച്ച പ്രവര്‍ത്തകരാണ് നിരത്തുകളില്‍ പാട്ടും ഡാന്‍സുമായി ഒത്തുചേര്‍ന്നത്. 9 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രിയാണ് ഈ ആശയം യുവമോര്‍ച്ച പ്രവര്‍ത്തകരുടെ മനസ്സില്‍ ഉദിച്ചത്. അഞ്ച് മിനിട്ട് പരിപാടി. സൗണ്ട് തോമയില്‍ ദിലീപ് പാടിയ പാട്ടിന്റെ പാരഡി ഗാനത്തിനൊപ്പം ചുവടുകള്‍ ചിട്ടപ്പെട്ടുത്തി. ഒറ്റ ദിവസത്തെ പരിശീലനം.
പാര്‍ട്ടിയില്‍ അംഗത്വമില്ലാത്ത മോദിയെ ആരാധനയോടെ കാണുന്ന 23 വയസ്സില്‍ താഴെയുള്ള ചെറുപ്പക്കാരായിരുന്നു ഇന്നലെ കൊച്ചി നഗരത്തിന്റെ പല ഭാഗങ്ങളിലും ചുവടുകള്‍ വച്ചത്. മഴയേയും അവഗണിച്ചുകൊണ്ട് അവര്‍ കാണികള്‍ക്ക് വേറിട്ട പ്രചാരണാനുഭവം സമ്മാനിച്ചു. എറണാകുളം ജില്ലയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ഫ്ലാഷ് മോബ് ഡാന്‍സ് ഷോപ്പിംഗ് മാളുകള്‍ വിട്ട് നിരത്തിലേക്ക് എത്തുന്നത്. മറ്റ് പാര്‍ട്ടിക്കാരില്‍ നിന്നും വ്യത്യസ്തമായിട്ടാണ് പ്രചാരണ പരിപാടികളില്‍ നിന്നും ബിജെപി മുന്നോട്ട് പോകുന്നതെന്നാണ് പൊതുജന സംസാരം.
ഇത്തവണ ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് യുവമോര്ച്ചയായിരുന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ദീപക്, പ്രസിഡന്റ്് ശ്രീകാന്ത്്്, യുവമോര്‍ച്ച കളമശേരി മണ്ഡലം പ്രസിഡന്റ് എബിന് രാജ്, രതീഷ് എന്നിവരുടെ ത്ത്വത്തിലാണ് ഫ്ലാഷ് മോബ് ഡാന്‍സ് സംഘടിപ്പിച്ചത്. കലൂരിന് പുറമെ, കളമശ്ശേരി, ഹൈക്കോര്‍ട്ട് ജംഗ്ഷന്, പെന്റ മേനക, സൗത്ത് ഗേള്‍സ് ഹൗസ്കൂള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളിലായി രാത്രി 10 വരെ ഫ്ലാഷ് മോബ് ഡാന്‍സ് തുടര്‍ന്നു.
ഇന്നത്തെ കലാശക്കൊട്ടിലും ഇതുവരെ കാണാത്ത പുതുമ സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ശ്രീകാന്ത് പറഞ്ഞു. 1200 ഓളം പ്രവര്‍ത്തകര്‍ കലാശക്കൊട്ടില്‍ പങ്കുചേരും. ശിങ്കാരി മേളം, പല വേഷവിധാനങ്ങള്‍ എന്നിങ്ങനെ സ്ഥിരം കാഴ്ചകള്‍ക്കൊപ്പം ഒരു സസ്പെന്‍സും ഇത്തവണത്തെ കൊട്ടിക്കലാശത്തില്‍ പ്രതീക്ഷിക്കാമെന്ന് ശ്രീകാന്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: