മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കിരീടത്തിനുള്ള കിടമത്സരം കടുപ്പിച്ച് മുന്‍നിര ടീമുകള്‍ വിജയകഥ തുടര്‍ന്നു. ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡും അവരെ പിന്തുടരുന്ന ബാഴ്സലോണയും റയല്‍ മാഡ്രിഡും കഴിഞ്ഞ ദിവസം ജയംകണ്ടു. അത്ലറ്റികോ മറുപടിയില്ലാത്ത ഒരു ഗോളിന് വിയ്യാറയലിനെയും ബാഴ്സ 3-1ന് റയല്‍ ബെറ്റീസിനെയും റയല്‍ മാഡ്രിഡ് റയല്‍ സോഷിഡാഡിനെയും നിര്‍വീര്യമാക്കി (4-0).
തുറുപ്പു ചീട്ട് ഡീഗോ കോസ്റ്റയുടെ അഭാവത്തില്‍ വിയ്യാറയലിനെതിരെ ഒഴുക്കോടെ കളിക്കാന്‍ അത്ലറ്റിക്കോയ്‌ക്കായില്ല. എങ്കിലും 14-ാം മിനിറ്റില്‍ കോക്കെയുടെ കോര്‍ണറിന് തലവെച്ച് റൗള്‍ ഗാര്‍ഷ്യ കുറിച്ച ഗോള്‍ അവരെ തലപ്പത്ത് നിലനിര്‍ത്തി. പ്രതിരോധത്തിലെ മികവും അത്ലറ്റിക്കോയുടെ ജയം ഉറപ്പിച്ചു.
ബെറ്റീസുമായുള്ള മുഖാമുഖത്തില്‍ ബാഴ്സ അപ്രമാദിത്വം കാക്കുക തന്നെ ചെയ്തു.
ലയണല്‍ മെസിയുടെ ഡബിളും ജോര്‍ഡി ഫിഗുറസിന്റെ സെല്‍ഫ് ഗോളും നിലവിലെ ചാമ്പ്യന്‍മാരുടെ അക്കൗണ്ടിലെത്തി. 14, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകള്‍. റൂബന്‍ കാസ്ട്രോ (68-ാം മിനിറ്റ്) ബെറ്റീസിന് ആശ്വാസം നല്‍കി.
റയലിനുവേണ്ടി സോഷിഡാഡിന്റെ വലയില്‍ അസിയര്‍ ലാറമെന്‍ഡി (45), ഗാരെത് ബെയ്‌ല് (66), പെപ്പെ (85), മൊറാട്ട (88) എന്നിവര്‍ പന്തെത്തിച്ചു. 32 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അത്ലറ്റിക്കോയ്‌ക്ക് 79ഉം ബാഴ്സയ്‌ക്ക് 78 പോയിന്റ് വീതമുണ്ട്. റയല്‍ (76) മൂന്നാം സ്ഥാനത്ത്.
















