മിര്‍പൂര്‍: ഒടുവില്‍ ശ്രീലങ്ക ലോകത്തിന്റെ നെറുകയിലെത്തി, ഒന്നര പതിറ്റാണ്ടുകള്‍ക്കിപ്പുറം. ഇന്ത്യയുടെ സ്വപ്നങ്ങള്‍ തകര്‍ത്ത് ലങ്ക ആദ്യമായി ട്വന്റി 20 ലോകകപ്പ് ട്രോഫി ഷെല്‍ഫിലെത്തിച്ചു. കുട്ടിക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച കുമാര്‍ സംഗക്കാരയുടെ (52 നോട്ടൗട്ട്) വീരോചിത ബാറ്റിങ്ങും ബൗളര്‍മാരുടെ വീറുറ്റ പന്തേറുമാണ് ലങ്കയ്‌ക്ക് ലോക കിരീടം കരഗതമാക്കിയത്. വിടവാങ്ങല്‍ മത്സരം കളിച്ച മറ്റൊരു സുപ്രധാനതാരം മഹേല ജയവര്‍ധനെയും (24) തരക്കേടില്ലാത്ത സംഭാവന നല്‍കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. ലങ്ക 17.5 ഓവറില്‍ നാലു വിക്കറ്റുകള്‍ മാത്രം ബലികഴിച്ച് ലക്ഷ്യത്തിലെത്തി. സ്കോര്‍: ഇന്ത്യ- 4ന് 130 (20 ഓവര്‍) ലങ്ക- 4ന് 132 (17.5). 2007, 2011 ഏകദിന ലോകകപ്പുകളുടെയും 2009, 2012 ട്വന്റി20 ലോകകപ്പുകളുടെയും കലാശക്കളിയില്‍ തോറ്റ സിംഹളവീരര്‍ക്ക് ഉണര്‍വേകുന്നതായി ഈ ജയം. 2011 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടു മുട്ടുകുത്തിയതിനു പകരംവീട്ടാനും ലങ്കയ്‌ക്കു സാധിച്ചു. ലങ്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ രണ്ടാം ലോകകപ്പ് ജയമാണിത്. 1996ല്‍ അര്‍ജുന രണതുംഗയുടെ നേതൃത്വത്തില്‍ ഏകദിന ലോകകപ്പിലും ലങ്ക മുത്തമിട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട ഇന്ത്യയെ 58 പന്തില്‍ 77 റണ്‍സെടുത്ത സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയുടെ പ്രകടനമാണ് താങ്ങി നിര്‍ത്തിയത്.
ലങ്കന്‍ ബൗളര്‍മാരുടെ കൃത്യതയും അച്ചടക്കവും വമ്പന്‍ സ്കോര്‍ നേടുന്നതില്‍ നിന്ന് ഇന്ത്യയെ തടയുകയായിരുന്നു. അജിന്‍ക്യ രഹാനെയെ നഷ്ടപ്പെടുന്നതു കണ്ടുകൊണ്ടു ബാറ്റിങ് ആരംഭിച്ച ധോണിപ്പടയ്‌ക്കു പിന്നീടൊരിക്കലും കത്തിക്കയറാനായില്ല. മൂന്നു റണ്‍സെടുത്ത രഹാനെയെ എയ്ഞ്ചലോ മാത്യൂസ് ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ കോഹ്ലിയും രോഹിത് ശര്‍മ്മയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 26 പന്തില്‍ മൂന്നു ബൗണ്ടറി ഉള്‍പ്പെടെ 29 റണ്‍സെടുത്ത രോഹിത്തിനെ രംഗന ഹെറാത്ത് കൂടാരം കയറ്റി.
കോഹ്ലിക്കൊപ്പം 60 റണ്‍സ് ചേര്‍ത്തശേഷമായിരുന്നു രോഹിത്തിന്റെ മടക്കം. പിന്നീടു വന്ന യുവരാജ് സിങ്ങിന് താളംകണ്ടെത്താനായില്ല. അന്ത്യ ഓവറുകളില്‍ ലങ്കന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ ഇന്ത്യ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു.അവസാന 5 ഓവറില്‍ വെറും 35 റണ്‍സ് മാത്രമേ ഇന്ത്യയുടെ അക്കൗണ്ടിലെത്തിയുള്ളു. ഇതിനിടെ തട്ടിയും മുട്ടിയും നിന്ന യുവിയെ (11) നഷ്ടപ്പെടുകയും ചെയ്തു. അഞ്ചു ഫോറുകളും നാലു സിക്സറും പറത്തിയ കോഹ്ലി അവസാന പന്തില്‍ റണ്ണൗട്ടായി.
















