മിര്‍പൂര്‍: 2007ലെ ആദ്യ ട്വന്റി 20 ലോകകപ്പിനുശേഷം മറ്റൊരു ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് സെമിഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നു. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്നത്തെ പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. വൈകിട്ട് 6.30നാണ് മത്സരം ആരംഭിക്കുക.
സൂപ്പര്‍ ടെന്നിലെ നാല് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് രണ്ട് ചാമ്പ്യന്മാരായാണ് ടീം ഇന്ത്യ സെമിയിലെത്തിയത്. അതേസമയം ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഒന്നില്‍ നിന്ന് ശ്രീലങ്കക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായും സെമിയിലെത്തി. ഗ്രൂപ്പ് രണ്ടില്‍ പാക്കിസ്ഥാനും വെസ്റ്റിന്‍ഡീസും ബംഗ്ലാദേശും ഓസ്ട്രേലിയയും ടീം ഇന്ത്യക്ക് മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ ഗ്രൂപ്പ് ഒന്നില്‍ ശ്രീലങ്കക്കെതിരായ ആദ്യ മത്സരം പരാജയപ്പെട്ടശേഷമാണ് ദക്ഷിണാഫ്രിക്ക വന്‍ കുതിപ്പ് നല്‍കിയത്. തുടര്‍ന്നുള്ള മത്സരങ്ങളില്‍ ന്യൂസിലാന്റും നെതര്‍ലന്റ്സും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കന്‍ കരുത്തിന് മുന്നില്‍ തകരുകയായിരുന്നു.
ഇന്ത്യന്‍ ബാറ്റിംഗ് നിരയും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയും തമ്മിലാണ് ഇന്നത്തെ പോരാട്ടം. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഒഴികെയുള്ളവരെല്ലാം ഫോമിലാണെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തോടുകൂടി യുവരാജ് സിംഗും ഫോമിലേക്കുയര്‍ന്നത് ഇന്ത്യയുടെ പ്രതീക്ഷ സജീവമാക്കുന്നു. സൂപ്പര്‍ ടെന്‍ റൗണ്ടില്‍ ഏറ്റവും അധികം റണ്‍ നേടിയ ബാറ്റ്സ്മാന്‍ കോഹ്ലിയാണ്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധ ശതകങ്ങള്‍ ഉള്‍പ്പെടെ 170 റണ്‍സ്. രണ്ട് അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ രോഹിത് 147 റണ്‍സാണ് നേടിയിട്ടുള്ളത്. കോഹ്ലി, രോഹിത്, യുവി എന്നിവര്‍ക്കൊപ്പം ധോണിയുടേയും ഫോമില്‍ തിരിച്ചെത്തിയ സുരേഷ് റെയ്നയുടേയും ഫിനിഷിങ് പാടവവും കൂടിയാകുമ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളം ഉയരുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ഫുട്ബോള്‍ കളിയിലേര്‍പ്പെട്ട യുവരാജിന് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് ഗുരതരമല്ലെന്നും ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ യുവി കളിക്കുമെന്നുമാണ് കരുതുന്നത്.
അതേസമയം ഇന്ത്യന്‍ ബൗളിംഗ് നിര ഉജ്ജ്വല ഫോമിലാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ബൗളിംഗ് നിരയുടെ മികവാണ്. പ്രത്യേകിച്ചും സ്പിന്നര്‍മാരായ അശ്വിനും അമിത് മിശ്രയും. ഇന്ത്യ ജയിച്ച നാല് മത്സരങ്ങളിലെയും മാന്‍ ഓഫ് ദി മാച്ച് പട്ടവും ഇരുവരും തുല്യമായി പങ്കിടുകയും ചെയ്തു. സൂപ്പര്‍ ടെന്നിലെ നാല് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിക്കറ്റ് മിശ്ര നേടി. സമീപകാലത്ത് തീരെ മങ്ങിപ്പോയ അശ്വിന്റെ തിരിച്ചുവരവിനും സൂപ്പര്‍ ടെന്‍ പോരാട്ടങ്ങള്‍ സാക്ഷ്യം വഹിച്ചു. സൂപ്പര്‍ ടെന്‍ റൗണ്ടിലെ നാല് മത്സരങ്ങളും കളിച്ച മിര്‍പൂരിലെ വിക്കറ്റില്‍തന്നെ സെമിഫൈനലും കളിക്കാമെന്നത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് സന്തോഷം നല്‍കുന്ന വസ്തുതയാണ്.
മറുവശത്ത് ദക്ഷിണാഫ്രിക്കയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഹാഷിം ആംലയും ഡികോക്കും എ.ബി. ഡിവില്ലിയേഴ്സും ജെ.പി. ഡുമ്നിയും ഉള്‍പ്പെടുന്ന ബാറ്റിംഗ്നിര മികച്ച പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ നടത്തിയത്. ഇവര്‍ ഇന്നും ഫോമിലായാല്‍ ഇന്ത്യക്ക് വിജയത്തിനായി വിയര്‍പ്പൊഴുക്കേണ്ടിവരും. അതുപോലെ കരുത്തുറ്റ ബൗളിംഗ്നിരയും അവര്‍ക്ക് സ്വന്തമാണ്. സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റെയിന്‍ നയിക്കുന്ന ഫാസ്റ്റ് ബൗളിംഗ് പടയില്‍ ആല്‍ബി മോര്‍ക്കലും വെയ്ന്‍ പാര്‍ണലും ഉള്‍പ്പെടുന്നു. ഇമ്രാന്‍ താഹിറാണ് സ്പിന്‍ ബൗളിംഗിലെ അവരുടെ കുന്തമുന. നാല് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് താഹിര്‍ നേടിയിട്ടുള്ളത്. സ്റ്റെയിന്‍ 9 വിക്കറ്റുകളും. ഒപ്പം ഡുമ്നിയുടെ ഓള്‍ റൗണ്ട് മികവും കൂടിയാകുമ്പോള്‍ പോരാട്ടം ഏറെ ആവേശത്തിലേക്കുയരുമെന്ന് ഉറപ്പാണ്.
















