ധാക്ക: ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിന് മുന്നോടിയയായി പരിശീലനത്തിനിടെ ഇന്ത്യന്‍ താരം യുവരാജ് സിംഗിന് പരുക്ക്. പരിശീലന ശേഷം യുവരാജ് മുടന്തിയാണ് കളിക്കളം വിട്ടത്. എന്നാല്‍ യുവരാജിനേറ്റ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമായിട്ടില്ല.
പരിശീലനത്തിന്റെ ഭാഗമായി നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് യുവരാജിന് പരുക്കേറ്റത്. യുവരാജ് കടുത്ത വേദനയോടെയാണ് കളിക്കളം വിട്ടതെന്നും കാലില്‍ ബാന്‍ഡേജ് ചുറ്റിയിരിക്കുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ യുവരാജിന്റെ പരുക്കിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്ത്യന്‍ ടീമിന്റെ ട്രെയ്‌നര്‍ നിതിന്‍ പട്ടേല്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലെ ആദ്യ മൂന്ന് മത്സരങ്ങളിലും നിറം മങ്ങിയ യുവരാജ് നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച കളി കെട്ടഴിച്ചിരുന്നു. സെമിയിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ നേരിടുന്നത്.
















