മിര്‍പൂര്‍: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയയ്‌ക്ക് ഒരിക്കല്‍ക്കൂടി കിട്ടാക്കനിയായി. എങ്കിലും ജയത്തോടെ നാട്ടിലേക്ക് വിമാനം കയറാന്‍ കങ്കാരുക്കള്‍ക്ക് കഴിഞ്ഞു. ഗ്രൂപ്പ് രണ്ടിലെ തങ്ങളുടെ അവസാനത്തെയും അപ്രധാനവുമായ മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഓസീസ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ കടുവകള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. ഓസീസ് 17.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ ബലികഴിച്ച് ലക്ഷ്യം മറികടന്നു. സ്കോര്‍: ബംഗ്ലാദേശ്- 5ന് 153 (20 ഓവര്‍). ഓസീസ്- 3ന് 158 (17.3).
ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (71) ഡേവിഡ് വാര്‍ണര്‍ (48) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഓസ്ട്രേലിയയ്‌ക്ക് ആധികാരിക ജയം ഒരുക്കിയത്. 45 പന്തുകളില്‍ ഏഴുഫോറുകളും നാലു സിക്സറുകളും പറത്തിയ ഫിഞ്ച് എതിര്‍ ബൗളര്‍മാരെ മൈതാനത്തിന്റെ നാലുപാടും പായിച്ചു. അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറുകളും കുറിച്ച വാര്‍ണറും മോശമാക്കിയില്ല. ഒന്നാം വിക്കറ്റില്‍ ഇരുവരും 98 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും കളി ഓസീസിന്റെ കൈക്കലായിക്കഴിഞ്ഞിരുന്നു.
വാര്‍ണറും ഫിഞ്ചും പിന്നാലെ ഗ്ലെന്‍ മാക്സ്‌വെല്ലും (5) വീണെങ്കിലും കാമറൂണ്‍ വൈറ്റും (18 നോട്ടൗട്ട്) ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലിയും (11 നോട്ടൗട്ട്) ചേര്‍ന്ന് ടീമിനെ വിജയതീരമണച്ചു. നേരത്തെ തുടക്കത്തിലെ പതര്‍ച്ചയ്‌ക്കുശേഷം ബംഗ്ലാദേശ് ഭേദപ്പെട്ട സ്കോറില്‍ എത്തുകയായിരുന്നു. തമീം ഇക്ബാല്‍ (5), അനാമുള്‍ ഹക്ക് (0) എന്നിവരെ കൗള്‍ട്ടര്‍ നെയില്‍ മടക്കി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനും നായകന്‍ മുഷിഫിക്കര്‍ റഹ്മാനും ചേര്‍ന്നപ്പോള്‍ ബംഗ്ലാദേശ് കളംപിടിച്ചു. ഇരുവരും 112 റണ്‍സ് വാരി. ഷാക്കിബ് (66, അഞ്ച് ഫോര്‍, മൂന്ന് സിക്സ്) അര്‍ധശതകം തികച്ചു. മുഷിഫിക്കര്‍ (47) അഞ്ചു തവണ പന്ത് അതിര്‍ത്തി കടത്തി; ഒരുതവണ ഗ്യാലറിയിലെത്തിച്ചു. ഓസീസ് നിരയില്‍ നെയില്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും ഷെയ്ന്‍ വാട്സനും ഡഗ് ബോളിഞ്ചറും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി. ഫിഞ്ച് കളിയിലെ കേമന്‍.
















