സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഉറുഗ്വെ ഫുട്ബോള്‍ അസോസിയേഷന്‍ (എയുഎഫ്) ഭരണ സമിതി രാജിവച്ചു. 2010ലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ബോര്‍ഡ് തീരുമാനം തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രശ്നത്തില്‍ ഫിഫ ഇടപെടുകയും എയുഎഫിനെ വിലക്കുകയുംചെയ്താല്‍ ഉറുഗ്വെയ്‌ക്ക് ലോകകപ്പ് കളിക്കാനാവില്ല. ഫുട്ബോള്‍ ഫെഡറേഷനുകളില്‍ രാഷ്‌ട്രീയക്കാരുടെ കൈകടത്തലുകള്‍ ഉണ്ടാവുമ്പോഴെല്ലാം ഫിഫ കര്‍ശന നിലപാടുകള്‍ സ്വീകരിക്കാറുണ്ട്.
ഉറുഗ്വെയിലെ പ്രമുഖ ക്ലബ്ബുകളായ പെനറോളിന്റെയും നാഷിയോണലിന്റെയും മത്സരങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനമാണ് ഫുട്്ബോള്‍ ഫെഡറേഷനെ ചൊടിപ്പിച്ചതെന്നറിയുന്നു. ഈ ക്ലബ്ബുകളുടെ കടുത്ത ആരാധകരായ ‘ബരാസ് ബ്രാവാസ് ‘ എന്നു വിളിപ്പേരുള്ള സംഘം അടിക്കടി അക്രമങ്ങളില്‍ ഏര്‍പ്പെടുന്നതിനാലാണ് സര്‍ക്കാര്‍ പോലീസുകാരെ പിന്‍വലിച്ചത്.
‘അടുത്തകാലത്തെ ചില ചെയ്തികള്‍ മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. രാഷ്‌ട്രീയ വീക്ഷണങ്ങള്‍ ഫുട്ബോളിനെ നയിക്കട്ടെ’- എയുഎഫ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ബൗസ രാജിക്കത്തില്‍ വ്യക്തമാക്കി.
അതേസമയം, ഉറുഗ്വെയെ ലോകകപ്പില്‍ കളിപ്പിക്കാതിരിക്കാനുള്ള യാതൊരു കാരണവും കാണുന്നില്ലെന്ന് യൂജിനൊ ഫിഗ്യുറെഡോ പറഞ്ഞു. എയുഎഫിനെതിരെ ഫിഫയുടെ അന്വേഷണം നടക്കുന്നതായി അറിയില്ല. ദേശീയ ഫുട്ബോള്‍ ഫെഡറേഷനുകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തലയിട്ടാല്‍ ഫിഫ ശിക്ഷിക്കും. എന്നാല്‍ ബൗസയുടെ പുറത്താകലില്‍ ഗവണ്‍മെന്റിന് പങ്കുള്ളതായി തെളിവില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
















