മാഡ്രിഡ്/പാരീസ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ ക്വാര്‍ട്ടറില്‍ സ്പാനിഷ് ജൈന്റസ് റയല്‍ മാഡ്രിഡും ഇംഗ്ലീഷ് സൂപ്പര്‍ ക്ലബ്ബ് ചെല്‍സിയും ഇന്നു കളത്തില്‍. റയല്‍ നേരിടുന്നത് ജര്‍മ്മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട്മുന്‍ഡിനെ. ചെല്‍സിക്ക് എതിരാളി ഫ്രഞ്ച് കരുത്തര്‍ പാരീസ് സെയ്ന്റ് ജെര്‍മെയ്നും. രാത്രി 12.15ന് ആരംഭിക്കുന്ന മത്സരങ്ങള്‍ ടെന്‍ സ്പോര്‍ട്സിലും ടെന്‍ ആക്ഷനിലും തത്സമയം കാണാം.
സ്വന്തംതട്ടകത്തില്‍ ബൊറൂസിയയ്‌ക്കുമേല്‍ റയലിന് നേരിയ മുന്‍തൂക്കമുണ്ടെന്നു വിലയിരുത്താം. ലീഗില്‍ റയൊ വല്ലെക്കാനോയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആവേശത്തിലാണ് കാര്‍ലോ അന്‍സലോട്ടിയുടെ കുട്ടികള്‍. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഇതിനകം എട്ടു വിജയങ്ങളും ഒരു സമനിലയും കുറിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൂട്ടരും ഫോം അടിവരയിട്ടുകഴിഞ്ഞു. ഇരുപാദ പ്രീ-ക്വാര്‍ട്ടറില്‍ ഷാല്‍ക്കെയെ 9-2നാണ് റയല്‍ മുക്കിയത്. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ഗാരെത് ബെയ്‌ലും താളംകണ്ടെത്തിയാല്‍ റയലിനെ പിടിച്ചാല്‍കിട്ടില്ല. കഴിഞ്ഞവട്ടം സെമിയില്‍ ബൊറൂസിയയോടേറ്റ തോല്‍വിക്ക് പകരം വീട്ടാനും റയല്‍ ലക്ഷ്യമിടുന്നു.
റോബര്‍ട്ട് ലെവന്‍ഡോവ്സ്കി എന്ന തുറുപ്പു ചീട്ടിന്റെ അഭാവമാണ് ബൊറൂസിയയുടെ ഏറ്റവും വലിയ കുറവ്. പരിക്കുകളും അവരെ അലട്ടുന്നു. ജര്‍മ്മന്‍ ലീഗിലെ നിരാശപ്പെടുത്തുന്ന പ്രകടനവും അവരുടെ ആത്മവിശ്വാസം കുറയ്‌ക്കുന്ന കാര്യം തന്നെ. അവയെ മറികടന്നാല്‍ റയലിനെ പിടിച്ചുകെട്ടാന്‍ ബൊറൂസിയയ്‌ക്കു സാധിക്കും.
ചെല്‍സിയും പിഎസ്ജിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കാം. പാരീസിലെ സ്വന്തം തട്ടകത്തിലെ കളി പിഎസ്ജിക്ക് മാനസിക ആധിപത്യം നല്‍കുന്നു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി കിരീടത്തിന് അടുത്തെത്തിക്കഴിഞ്ഞു. എന്നാല്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനോട് തോറ്റ ചെല്‍സിയുടെ നില പരുങ്ങലിലാണ്. സമീപകാല കളിനിലവാരം നോക്കുമ്പോള്‍ പിഎസ്ജിക്ക് മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നു. ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരികളായ സ്ട്രൈക്കര്‍മാരായ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും എഡിന്‍സന്‍ കവാനിയും ചേരുന്ന പിഎസ്ജി മുന്നേറ്റനിര ആരെയും ഭയപ്പെടുത്തും.
ഒരര്‍ത്ഥത്തില്‍ ജോണ്‍ ടെറി നയിക്കുന്ന ചെല്‍സി പ്രതിരോധവും പിഎസ്ജി ഗോളടിയന്ത്രങ്ങളും തമ്മിലുള്ള മാറ്റുരയ്‌ക്കലും മത്സരം. റാമിറസിന്റെ തിരിച്ചവരവാണ് ചെല്‍സിക്കുള്ള നല്ലവൃത്താന്തം. സാമുവല്‍ എറ്റുവിനെ പരിക്ക് അലട്ടുന്നു. എറ്റു കളിച്ചാല്‍ ചെല്‍സിക്ക് ഏറെ ഗുണം ചെയ്യും.
















