ധാക്ക: ബംഗ്ലാദേശിനെ തകര്‍ത്ത് പാക്കിസ്ഥാന് ട്വന്റി 20 ലോകകപ്പിന്റെ സെമിപ്രതീക്ഷകള്‍ സജീവമാക്കി. ഇന്നലെ നടന്ന പോരാട്ടാത്തില്‍ 50 റണ്‍സിനാണ് പാക്കിസ്ഥാന് ആതിഥേയരായ ബംഗ്ലാ കടുവകളെ കീഴടക്കിയതോടെയാണ് പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ സജീവമായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് അഹമ്മദ് ഷഹ്സാദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 62 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും അഞ്ച് സിക്സറുകളുമടക്കം 111 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാക്ക് ഓപ്പണര്‍ അഹമ്മദ് ഷഹ്സാദാണ് മാന്‍ ഓഫ് ദി മാച്ച്. അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാന് ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമിയില്‍ പ്രവേശിക്കാം.
ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോര്‍ 43 റണ്‍സിലെത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് അവര്‍ക്ക് നഷ്ടമായത്. 9 റണ്‍സെടുത്ത കമ്രാന്‍ അക്മലിനെ അബ്ദുര്‍ റസാഖിന്റെ പന്തില്‍ സിയാവുര്‍ റഹ്മാന് പിടികൂടി. തുടര്‍ന്നെത്തിയ മുഹമ്മദ് ഹഫീസ് 8 റണ്‍സെടുത്ത് പുറത്താകുമ്പോഴേക്കും പാക് സ്കോര്‍ 70 റണ്‍സിലെത്തിയിരുന്നു. സ്കോര്‍ 71-ല്‍ നില്‍ക്കേ മൂന്നാം വിക്കറ്റും അവര്‍ക്ക് നഷ്ടമായി. റണ്ണൊന്നുമെടുക്കാതിരുന്ന ഉമര്‍ അക്മലിനെ മഹ്മദുള്ളയുടെ പന്തില്‍ തമിം ഇഖ്ബാല്‍ പിടികൂടി. പിന്നീട് ഷഹ്സാദും ഷൊഐബ് മാലിക്കും ചേര്‍ന്ന് സ്കോര്‍ 154-ല്‍ എത്തിച്ചു. 23 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഷൊഐബ് മാലിക്കിനെ ഷക്കിബ് അല്‍ ഹസന്റെ പന്തില്‍ മുഷ്ഫിഖര്‍ സ്റ്റാമ്പ് ചെയ്തു. തുടര്‍ന്നെത്തിയ അഫ്രീദിയുടെ വെടിക്കെട്ടും കൂടിയായതോടെ പാക് സ്കോര്‍ കുതിച്ചുയര്‍ന്നു. അവസാന ഓവറിലെ നാലാം പന്തില്‍ സ്കോര്‍ 188-ല്‍ എത്തിയപ്പോള്‍ അഫ്രീദിയെ നഷ്ടമായി. 9 പന്തില്‍ നിന്ന് രണ്ട് സിക്സറും ഒരു ഫോറുമടക്കം 22 റണ്‍സെടുത്ത അഫ്രീദിയെ അല്‍ അമിന്‍ ഹൊസൈന്റെ പന്തില്‍ സിയാവുര്‍ റഹ്മാന് പിടികൂടി. ബംഗ്ലാദേശിന് വേണ്ടി അബ്ദുര്‍ റസാഖ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പാക്കിസ്ഥാന് മുന്നോട്ട് വെച്ച 191 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തിലേറ്റ തിരിച്ചടിയില്‍ കരകയറാന്‍ കഴിയാതിരുന്നതോടെ 140 ല്‍ ഒതുങ്ങി. ഒരു ഘട്ടത്തില്‍ 47 റണ്‍സെടുക്കുന്നതിനിടെ തമിം ഇഖ്ബാല്‍ (16), അനമുള്‍ ഹഖ് (18), ഷംസുര്‍ റഹ്മാന് (4,), മുഷ്ഫിഖര്‍ റഹിം (2) എന്നിവരെ നഷ്ടപ്പെട്ടതോടെതന്നെ ബംഗ്ലാദേശ് തോല്‍വി ഉറപ്പിച്ചു. ബംഗ്ലാദേശ് നിരയില്‍ 38 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും 23 റണ്‍സെടുത്ത നാസിര്‍ ഹൊസൈനും മാത്രമാണ് സ്കോര്‍ 20 കടന്നത്. പാക്കിസ്ഥാന് വേണ്ടി ഉമര്‍ ഗുല്‍ മൂന്നും സയീദ് അജ്മല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: