മോസ്കോ: കാന്‍ഡിഡേറ്റ്സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ലോക ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ കിരീടത്തിനരുകില്‍. 11-ാം റൗണ്ടില്‍ കറുത്തകരുക്കളുമായി കളിച്ച ആനന്ദ് റഷ്യയുടെ വ്ലാഡിമര്‍ ക്രാംനിക്കിനെ സമനിലയ്‌ക്കു പിടിച്ചു. ഇതോടെ അര്‍മേനിയയുടെ ലെവോണ്‍ അരോണിയന് (6 പോയിന്റ്) മേലുള്ള മുന്‍തൂക്കം ഒരു പോയിന്റായി നിലനിര്‍ത്താനും ആനന്ദിനായി. മൂന്നു റൗണ്ടുകള്‍ അവശേഷിക്കെ ആനന്ദിനിപ്പോള്‍ ഏഴു പോയിന്റുണ്ട്. രണ്ടു മത്സരങ്ങളില്‍ വെള്ളക്കരുക്കളുടെ ആനുകൂല്യം ലഭിക്കുമെന്നതും ആനന്ദിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
മറ്റു മത്സരങ്ങളില്‍ റഷ്യയുടെ പീറ്റര്‍ സ്വിഡ്ലര്‍ അരോണിയനുമായും ദിമിത്രി ആന്‍ ഡ്രെയ്‌കിന്‍ (റഷ്യ) അസര്‍ബൈജാന്റെ ഷെഹരിയാര്‍ മമെദ്യാറോവിനോടും മറ്റൊരു റഷ്യന്‍ പോരാളി സെര്‍ജി കര്‍ജാക്കിന്‍ ബള്‍ഗേറിയയുടെ വാസെലിന്‍ ടോപ്പലോവുമായും പോയിന്റ് വീതംവച്ചു.
















