മാഡ്രിഡ്: ലോകം കാത്തിരുന്ന എല്‍ ക്ലാസ്സിക്കോയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മേല്‍ മെസ്സിയുടെ തേരോട്ടം. ഇതോടെ ലോകം മുഴുവന്‍ കണ്ണും നട്ട് സാന്റിയാഗോ സ്റ്റേഡിയത്തിലേക്ക് കാതോര്‍ത്തിരുന്നപ്പോള്‍ എല്‍ ക്ലാസിക്കോ യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ ക്ലാസിക്കായി മാറി. ഗോള്‍ മഴ പെയ്ത പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചിരവൈരികളായ ബാഴ്സലോണ റയല്‍ മാഡ്രിഡിനെ തകര്‍ത്തെറിഞ്ഞത്. രണ്ടുതവണ പിന്നില്‍ നിന്ന ബാഴ്സ, ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവിലാണ് വിജയം സ്വന്തമാക്കിയത്. 63-ാം മിനിറ്റില്‍ റയല്‍ പ്രതിരോധനിരയിലെ കരുത്തന്‍ സെര്‍ജിയോ റാമോസ് ചുവപ്പുകാര്‍ഡ് പുറത്തുപോയശേഷം 10 പേരുമായാണ് അവര്‍ കളിച്ചത്. തകര്‍പ്പന്‍ വിജയത്തോടെ ബാഴ്സലോണ സ്പാനിഷ് ലീഗില്‍ കിരീടപോരാട്ടവഴിയിലേക്ക് തിരിച്ചുവന്നു. അതേസമയം മറ്റൊരു മത്സരത്തില്‍ റയല്‍ ബെറ്റിസിനെ 2-0ന് പരാജയപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ബാഴ്സയോടേറ്റ പരാജയത്തോടെ റയല്‍ രണ്ടാം സ്ഥാനത്തേക്കിറങ്ങി. അത്ലറ്റികോക്കും റയലിലും 29 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുകളാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണ ഇവരേക്കാള്‍ ഒരു പോയിന്റ് മാത്രം പിറകിലാണ്.
മത്സരം ആരംഭിച്ച് ഏഴാം മിനിറ്റില്‍ സന്ദര്‍ശകര്‍ മുന്നിലെത്തി. മെസി നല്‍കിയ പാസില്‍ നിന്ന് ഇനിയേസ്റ്റയായിരുന്നു ഗോള്‍ നേടിയത്. ഇരുപതാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയുടെ ക്രോസിനു തലവെച്ച് കരിംബെന്‍സമ റയലിനെ ഒപ്പമെത്തിച്ചു. നാല് മിനിറ്റിനുശേഷം ബെന്‍സേമ റയിലിന് ലീഡും സമ്മാനിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നെയ്‌മറുടെ പാസില്‍ നിന്ന് ഗോള്‍ നേടി മെസി കറ്റാലന്മാരെ ഒപ്പമെത്തിച്ചു.
ഇടവേളക്കു ശേഷം ലോക ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി മുതലാക്കി റയലിനെ ഒരിക്കല്‍ കൂടി മുന്നിലെത്തിച്ചു. ക്രിസ്റ്റ്യാനോയെ ബാഴ്സയുടെ ഡാനി ആല്‍വസ് ബോക്സിനുള്ളില്‍ വച്ച് വീഴ്‌ത്തിയതിനായിരുന്നു സ്പോട്ട് കിക്ക്. കിക്കെടുത്ത റൊണാള്‍ഡോ ബാഴ്സയുടെ വിഖ്യാത ഗോളി വിക്ടര്‍ വാല്‍ഡസിനെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു (3-2). എന്നാല്‍ 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബാഴ്സ വീണ്ടും സമനില പിടിച്ചു. നെയ്‌മറെ സെര്‍ജിയോ റാമോസ് ബോക്സിനുള്ളില്‍ വലിച്ചിട്ടത്തിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത മെസ്സിക്ക് പിഴച്ചില്ല, പന്ത് റയല്‍ വലയില്‍. ഈ ഫൗളിന് റാമോസിന് ചുവപ്പുകാര്‍ഡും ലഭിച്ചു. പിന്നീട് കളി തീരാന്‍ ആറുമിനിറ്റ് ശേഷിക്കെ മറ്റൊരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ഹാട്രിക്കും കറ്റാലന്മാരുടെ വിജയവും സ്വന്തമാക്കി.
ആന്ദ്രെ ഇനിയേസ്റ്റയെ സാബി അലോണ്‍സോ വീഴ്‌ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. റയലിന്റെ തട്ടകത്തില്‍ ബാഴ്സലോണ നേടുന്ന ആദ്യ ഹാട്രിക്കുമായി ഇത്.
ഹാട്രിക്ക് ഗോളോടെ മെസി ലാലീഗയില്‍ മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കി. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ രണ്ടാമനെന്ന റെക്കോഡിനാണ് മെസി അര്‍ഹനായത്. ഇതുവരെ 236 ഗോളുകളാണ് മെസി ലാലീഗയില്‍ സ്കോര്‍ ചെയ്തത്. റയലിന്റെ ഇതിഹാസതാരമായിരുന്ന ഹ്യൂഗോ സാഞ്ചസിന്റെ 234 ഗോളുകളെന്ന റെക്കോര്‍ഡാണ് മെസ്സി തിരുത്തിയത്. 251 ഗോളുകള്‍ നേടിയ ടെല്‍മോ സറയാണ് ഗോള്‍ വേട്ടയില്‍ ഒന്നാമത്. എല്‍ ക്ലാസിക്കോയില്‍ ഒരുതാരം നേടുന്ന ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്നതും മെസ്സിയുടെ ബൂട്ടുകളില്‍ നിന്നാണ്. ക്ലാസിക്കോയില്‍ മെസി 21 ഗോളുകളാണ് നേടിയിരിക്കുന്നത്.
മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് 2-0നാണ് പത്തുപേരുമായി കളിച്ച റയല്‍ ബെറ്റിസിനെ കീഴടക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 58-ാം മിനിറ്റില്‍ ഗാബിയും 64-ാം ഡീഗോ കോസ്റ്റയുമാണ് അത്ലറ്റികോയുടെ ഗോളുകള്‍ നേടിയത്. അതേസമയം പോയിന്റ് നിലയില്‍ റയലും അത്ലറ്റികോയും തുല്യനിലയിലാണ്. എന്നാല്‍ മാഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റികോ വിജയം സ്വന്തമാക്കിയതോടെ ഗോള്‍ ആവറേജില്‍ മുന്നിലായിട്ടും റയലിന് രണ്ടാം സ്ഥാനത്തേക്കിറങ്ങേണ്ടിവന്നു.
മറ്റ് മത്സരങ്ങളില്‍ സെവിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഒസാസുനയെയും വലന്‍സിയ ഇതേ മാര്‍ജിന് വിയ്യാറയലിനെയും കീഴടക്കി.
















