കാലടി: മലയാറ്റൂരില്‍ ഗുണ്ടകള്‍ അഴിഞ്ഞാട്ടം തുടരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് മണപ്പാട്ട് ചിറക്ക് സമീപമുളള ഗുണ്ടകളായ കാര രതീഷിന്റെ വീട്ടില്‍ വടിവാളുകളും നാടന്‍ ബോംബുകളുമായി എത്തിയ 17 അംഗ സംഘം വളര്‍ത്ത് നായയെ വെട്ടിക്കൊന്നു. രതീഷിന്റെ മാതാവിനെ കട്ടിലില്‍ നിന്ന് നിലത്തെറിഞ്ഞു. ശബ്ദം കേട്ട് ബള്‍ബിട്ട് വെളിച്ചം തെളിയിച്ച സമീപത്തെ വീടുകളിലും മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം അഴിഞ്ഞാട്ടം നടത്തി. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണ് രതീഷ്. മൂന്ന് ദിവസം മുമ്പ് രതീഷിന്റെ നേതൃത്വത്തില്‍ നടുവട്ടത്ത് താമസിക്കുന്ന ഗുണ്ടകളുടെ വീട്ടില്‍ ഒരു സംഘം ചെന്ന് വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയിരുന്നു. മണപ്പാട്ട്ചിറ കോളനിയില്‍ താമസിക്കുന്ന ലൂണ മനോജ് , പോട്ടി കണ്ണന്‍ തുടങ്ങി ആറോളം ഗുണ്ടകള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. ചെങ്ങലില്‍ ജയില്‍വാര്‍ഡന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷ കഴിഞ്ഞിറങ്ങിയ ഗുണ്ടകള്‍ മലയാറ്റൂരില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്നുണ്ട്.
















