മൂന്നാം ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഫ്രാന്‍സായിരുന്നു വേദി. അര്‍ജന്റീനയെയും ജര്‍മ്മനിയെയും പിന്തള്ളിയാണ് ഫ്രാന്‍സിനെ മൂന്നാം ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയരായി തെരഞ്ഞെടുത്തത്. 1938 ജൂണ്‍ നാല് മുതല്‍ 19 വരെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടന്നത്. 10 നഗരങ്ങളിലെ 11 സ്റ്റേഡിയങ്ങളിലായിട്ടായിരുന്നു മൂന്നാം ലോകകപ്പ്. ഈ ലോകകപ്പിലാണ് ആദ്യമായി നിലവിലെ ചാമ്പ്യന്മാരും ആതിഥേയരും നേരിട്ട് യോഗ്യത നേടിയത്. ഇതോടെ ഇറ്റലിയും ഫ്രാന്‍സും നേരിട്ട് യോഗ്യത നേടി. സ്പാനിഷ് ആഭ്യന്തരയുദ്ധം കാരണം സ്പെയിന് യോഗ്യതാ റൗണ്ടില്‍ നിന്ന് പിന്മാറി. നാല് വന്‍കരകളില്‍ നിന്നായി 16 രാജ്യങ്ങള്‍ ഫ്രാന്‍സ് ലോകകപ്പിന് യോഗ്യത നേടി. എന്നാല്‍ യോഗ്യത നേടിയ ശേഷം ആസ്ട്രിയ ലോകകപ്പില്‍ നിന്ന് പിന്‍വാങ്ങി. ഇതോടെ 15 രാജ്യങ്ങളാണ് ഫൈനല്‍ റൗണ്ട് പോരാട്ടത്തിനുണ്ടായിരുന്നത്.
ഇറ്റലി, നോര്‍വേ, ഫ്രാന്‍സ്, ബല്‍ജിയം, ബ്രസീല്‍, പോളണ്ട്, ചെക്കോസ്ലോവാക്യ, നെതര്‍ലാന്റ്സ്, ഹംഗറി, ഡച്ച് ഈസ്റ്റ് ഇന്‍ഡീസ് (ഇന്നത്തെ ഇന്തോനേഷ്യ), സ്വിറ്റ്സര്‍ലന്റ്, ജര്‍മ്മനി, സ്വീഡന്, ആസ്ട്രിയ, ക്യൂബ, റുമാനിയ എന്നീ രാജ്യങ്ങളാണ് മൂന്നാം ലോകകപ്പില്‍ അണിനിരന്നത്. ഇതില്‍ ബല്‍ജിയം, ബ്രസീല്‍, ഫ്രാന്‍സ്, റുമാനിയ എന്നീ രാജ്യങ്ങളുടെ മൂന്നാം ലോകകപ്പായിരുന്നു ഇത്.
1934-ലെ പോലെ ഗ്രൂപ്പ് തിരിച്ചുള്ള മത്സരമായിരുന്നില്ല ഇത്തവണത്തേതും. നോക്കൗട്ട് റൗണ്ടായിരുന്നു. ഓരോ ടീമിനും ആദ്യ റൗണ്ടില്‍ ഒരു കളി മാത്രം. ജയിച്ചാല്‍ ക്വാര്‍ട്ടറില്‍, തോറ്റാല്‍ പുറത്ത് എന്നതായിരുന്നു രീതി. 90 മിനിറ്റുള്ള മുഴുവന്‍ സമയവും സമനിലയിലായാല്‍ അധികമായി 30 മിനിറ്റുകൂടി നല്‍കും. അതും സമനിലയിലായാല്‍ മത്സരം അടുത്ത ദിവസം വീണ്ടും നടക്കും.
ആകെ നടന്ന 18 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ നടന്നത്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 84 ഗോളുകളും പിറന്നു. ഹാട്രിക്കുകളുടെ കാര്യത്തിലും പുരോഗതിയുണ്ടായി. ആദ്യ രണ്ട് ലോകകപ്പുളില്‍ മൂന്ന് ഹാട്രിക്ക് വീതമാണ് പിറന്നതെങ്കില്‍ 1938-ലെ മൂന്നാം ലോകകപ്പില്‍ അത് അഞ്ചായി ഉയര്‍ന്നു. ജൂണ്‍ അഞ്ചിന് ബ്രസീലിനെതിരെ പോളണ്ടിന്റെ എണസ്റ്റ് വിലിമോവ്സ്കി (4 ഗോളുകള്‍), ഇതേ മത്സരത്തില്‍ ബ്രസീലിന്റെ ലിയോനിഡാസ് ഡാ സില്‍വ, ജൂണ്‍12ന് ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്യൂബക്കെതിരെ സ്വീഡന്റെ ഗുസ്താവ് വെറ്റര്സ്റ്റോം, ഹാരി ആന്ഡേഴ്സണ്, ജൂണ്‍ 16ന് സ്വീഡനെതിരെ ഹംഗറിയുടെ ഗ്യുല സെന്‍ഗെല്ലര്‍ എന്നിവരാണ് മൂന്നാം ലോകകപ്പിന്റെ ഹാട്രിക്ക് അവകാശികള്‍.
ആദ്യ റൗണ്ടില്‍ ഹംഗറി 6-0ന് ഡച്ച് ഈസ്റ്റ്ഇന്ഡീസിനെയും ഫ്രാന്‍സ് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബല്‍ജിയത്തെയും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി അധികസമയത്തേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വേയെയും ബ്രസീല്‍ അധികസമയത്തിനൊടുവില്‍ 6-5ന് പോളണ്ടിനെയും ചെക്കോസ്ലോവാക്യ അധികസമയത്തിനൊടുവില്‍ 3-0ന് നെതര്‍ലന്റ്സിനെയും പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ആദ്യ റൗണ്ടില്‍ സ്വിറ്റ്സര്‍ലന്റ്-ജര്‍മ്മനി (1-1), ക്യൂബ-റുമാനിയ (3-3) പോരാട്ടങ്ങള്‍ അധികസമയത്തിനൊടുവിലും സമനിലയില്‍ കലാശിച്ചതോടെ ജൂണ്‍ ഒമ്പതിന് ഈ മത്സരങ്ങള്‍ വീണ്ടും നടന്നു. ഈ മത്സരങ്ങളില്‍ ജര്‍മ്മനി 4-2നും ക്യൂബ 2-1നും വിജയിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആസ്ട്രിയ പിന്മാറിയതിനാല് വാക്കോവറിലൂടെ സ്വീഡനുംക്വാര്ട്ടറില് ഇടംപിടിച്ചു.
ജൂണ്‍ 12ന് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ഹഗറി 2-0ന് സ്വിറ്റ്സര്‍ലന്റിനെയും സ്വീഡന് 8-0ന് ക്യൂബയെയും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി 3-1ന് ഫ്രാന്‍സിനെയും പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചപ്പോള്‍ ബ്രസീല്‍-ചെക്കോസ്ലോവാക്യ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. 14ന് നടന്ന റീപ്ലേയില്‍ 2-1ന് വിജയിച്ച് ബ്രസീല്‍ സെമിഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. 16ന് നടന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ഹംഗറി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സ്വീഡനെയും ഇറ്റലി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രസീലിനെയും കീഴടക്കി കലാശക്കളിക്ക് യോഗ്യത നേടി. 19ന് നടന്ന ലൂസേഴ്സ് ഫൈനലില്‍ ബ്രസീല്‍ 4-2ന് സ്വീഡനെ പരാജയപ്പെടുത്തി. ആദ്യ രണ്ട് ലോകകപ്പുകളിലും തിളങ്ങാന്‍ കഴിയാതിരുന്ന ബ്രസീലിന്റെ ഉയിര്‍പ്പിനും ഈ ലോകകപ്പ് സാഷ്യം വഹിച്ചു. അന്നുതന്നെ നടന്ന ഫൈനലില്‍ നാല്‍പ്പത്തയ്യായിരത്തിലേറെ ആരാധകരെ സാക്ഷിനിര്‍ത്തി രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഹംഗറിയെ തകര്‍ത്ത് നിലവിലെ ലോകചാമ്പ്യന്മാരായ അസൂറികള്‍ (ഇറ്റലി) കിരീടം നിലനിര്‍ത്തി.
മറ്റൊരു ചരിത്ര നിമിഷത്തിനും ഈ ലോകകപ്പ് സാക്ഷ്യം വഹിച്ചു. ഏറ്റവും മികച്ച കളിക്കാരനു ടോപ് സ്കോറര്‍ക്കുമുള്ള സ്വര്‍ണ്ണ പന്തിനും സ്വര്‍ണ്ണ ഷൂസിനും ഒരാള്‍ തന്നെ അവകാശിയായി. ബ്രസീലിന്റെ ലിയോനിഡാസ് ഡാ സില്‍വയാണ് ഈ രണ്ട് ബഹുമതികളും സ്വന്തമാക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് 7 ഗോളുകളാണ് ലിയോനിഡാസ് സില്‍വ നേടിയത്. ഇറ്റലിക്കെതിരായ നിര്‍ണായകമായ സെമിഫൈനലില്‍ ഈ താരത്തെ കളിപ്പിക്കാന്‍ മാനേജര്‍ തയ്യാറായതുമില്ല. മികച്ച രണ്ടാമത്തെ കളിക്കാരനുള്ള വെള്ളി പന്ത് ഇറ്റലിയുടെ സില്‍വിയോ പിയോളയും മൂന്നാമത്തെ താരത്തിനുള്ള വെങ്കല പന്ത് ഹംഗറിയുടെ ഗ്യോര്ജി സരോസിയും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: