ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്കെതിരെ സുപ്രീംകോടതി ജാമ്യമില്ലാ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചു.
കോടിക്കണക്കിന് രൂപ നിക്ഷേപകര്‍ക്ക് നല്കാനിരിക്കെയും അത് നല്കാത്തതിനാല് സഹാറ ഗ്രൂപ്പ് നിയമ നടപടികള്‍ നേരിടുകയാണ്. ഈ കാരണത്താലാണ് സഹാറ ഗ്രൂപ്പ് മേധാവി സുബ്രതാ റോയിക്കെതിരെ കോടതി വാരണ്ട് പുറപ്പെടുവിച്ചത്.
മാര്‍ച്ച് നാലിനകം റോയിയെ അറസ്റ്റു ചെയ്തു ഹാജരാക്കണമെന്നാണ് സുപ്രീംകോടതി പൊലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകാന്‍ കോടതിയുടെ നിര്ദ്ദേസമുണ്ടായിരുന്നിട്ട് കൂടിയും അതിന് റോയി തയ്യാറായില്ല. ഈ സാഹചര്യത്തിലും കൂടിയാണ് വാറണ്ടിന് കോടതി ഉത്തരവിട്ടത്.
ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് റോയ് നല്കിയ അപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. നിഷേപകരില്‍ നിന്നും സമാഹരിച്ച 24,000 കോടി രൂപ തിരിച്ചു നല്‍കണമെന്നാണു സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി) വന്‍കിട വ്യവസായ ഗ്രൂപ്പായ സഹാറയോട് നിര്‍ദ്ദേശിച്ചിരുന്നത്.
സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്പറേഷന്, സഹാറ ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് കോര്പറേഷന് എന്നീ കമ്പനികളുടെ പേരിലായിരുന്നു നിക്ഷേപം സ്വീകരിച്ചത്. 15 ശതമാനം പലിശ നിരക്കിലാണ് മൂന്നു കോടി നിക്ഷേപകരില്‍ നിന്ന് ഇത്രയും തുക സഹാറഗ്രൂപ്പ് സമാഹരിച്ചത്.
നിക്ഷേപകര്‍ക്ക് മൂന്നു മാസത്തിനകം പണം തിരികെ നല്‍കണമെന്ന് ഓഗസ്റ്റില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നതാണ്. എന്നാല്‍ സുബ്രത റോയ് ഇതുവരെ പണം നല്കാന് തയ്യാറായിട്ടില്ല. അതേസമയം കേസിലുള്‍പ്പെട്ട കമ്പനി ഡയറക്ടടര്മാരായ വന്ദന ഭാര്‍ഗവ, രവിശങ്കര്‍ ദുബെ, അശോക് റോയ് ചൗധരി എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: