ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ മലയാളി പേസര്‍ ശ്രീശാന്ത് നിരപരാധിയാണെന്ന് വിന്ദു ധാരാ സിംഗ്. 2013 ഐപിഎല്ലിനിടെ അരങ്ങേറിയെന്നു പറയപ്പെടുന്ന ഒത്തുകളി/വാതുവയ്പ്പ് ഇടപാടുകളിലെ കേന്ദ്രബിന്ദുവെന്ന് അന്വേഷണ സംഘം കരുതുന്ന വിന്ദുവിനെ ലക്ഷ്യമിട്ട് ഒരു പ്രമുഖ ദേശീയ ചാനല്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനാണ് ഈ വിവരത്തിന് ആധാരം. അന്തരിച്ച പ്രശസ്ത ഗുസ്തി താരം ധാരാ സിംഗിന്റെ മകനായ വിന്ദുവിനെ കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്തിരുന്നു.
ശ്രീശാന്തിനെ ഒത്തുകളിക്കേസില്‍ കുടുക്കി ബിസിസിഐയുടെ വിലക്ക് വാങ്ങിക്കൊടുക്കുകയായിരുന്നു. ശ്രീശാന്തിനെതിരായ ആരോപണങ്ങളെല്ലാം അസംബന്ധവും കെട്ടിച്ചമച്ചതുമാണ്. ശ്രീ ഒരുതെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം, വിന്ദു വെളിപ്പെടുത്തി.
രണ്ടു ടീമുകള്കൂടെ ഒത്തുകളിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ഉടമ വിജയ് മല്യ വാതുവയ്പ്പുകാരില്‍ പ്രധാനിയാണ്. ഐപിഎല്‍ വഴി 100 മുതല്‍ 200 കോടിവരെ മല്യസമ്പാദിച്ചുവന്നു. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ തലവനും ബിസിസിഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന് വാതുവയ്പ്പില്‍ വന്‍ തുക നഷ്ടമായി. ഐപിഎല്ലിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും വാതുവയ്പ്പുകാര്‍ക്ക് നല്കിവന്നതും മെയ്യപ്പനാണെന്നും വിന്ദു പറഞ്ഞു.
ശ്രീനിവാസനും ഐപിഎല്‍ മുന്‍ ചീഫ് ലളിത് മോദിയും തമ്മിലെ അധികാര മത്സരമാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. സുരക്ഷയുടെ പേരില്‍ ഐപിഎല്‍ വേദി ദക്ഷിണാഫ്രിക്കയിലേക്ക് മറ്റിയതില്‍ കോണ്‍ഗ്രസിനോട് ലളിത് മോദിക്ക് അമര്‍ഷമുണ്ടായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെ കരുത്തനായ ശരദ് പവാറിന്റെ പിന്തുണയോടെ ലളിത് മോദി കേന്ദ്രമന്ത്രിയും ഐപിഎല്‍ ടീമിലെ നിക്ഷേപകനുമായ ശശി തരൂരുമായി അതിന്റെ പേരില്‍ ഇടഞ്ഞു. മോദിയെ പുറത്തേക്കു നയിച്ച ചരടുവലികളുടെ തുടക്കം അതായിരുന്നെന്നും വിന്ദു വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: