ന്യൂദല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെടുക്കുന്ന ബിജെപിക്കും എന്‍ഡിഎയ്ക്കും അനുകൂലമായി ദേശീയ രാഷ്ട്രീയം മാറുന്നു. വിവിധ പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്. നരേന്ദ്രമോദിക്കും ബിജെപിക്കും അനുകൂലമായി സംസ്ഥാനങ്ങളിലുണ്ടായ തരംഗം തിരിച്ചറിഞ്ഞാണ് സഖ്യചര്‍ച്ചകള്‍ പ്രാദേശിക പാര്‍ട്ടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്.
എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാന് ബിജെപി സഖ്യത്തിലേക്കെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ടിആര്‍എസ് നേതാവ് ചന്ദ്രശേഖര റാവു ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. തെലുങ്കാന രൂപീകരിച്ചാല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് മുമ്പ് വ്യക്തമാക്കിയ ടിആര്‍എസ്, കോണ്‍ഗ്രസില്‍ നിന്നും അകലുകയാണെന്നാണ് സൂചന.
തെലങ്കാന രൂപീകരണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളില്‍ അതൃപ്തരായ ടിആര്‍എസിന് സംസ്ഥാന വിഭജനത്തിന് സഭയില്‍ പിന്തുണ നല്കിയ ബിജെപിയോട് സഹകരിക്കാന്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടെന്നാണ് സൂചന. തെലങ്കാന മേഖലയില്‍ നരേന്ദ്രമോദിക്ക് അനുകൂലമായ തരംഗം ജനങ്ങള്‍ക്കിടയിലുണ്ടെന്നും ടിആര്‍എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്‍ഡിഎ വിരുദ്ധ മുന്നണികളുടെ അനൈക്യവും പ്രകടമായി. ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി പിളര്‍ന്നു.
തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായി ഇടതു പാര്‍ട്ടികള്‍ സഖ്യത്തിലാണെന്ന് സിപിഎം നേതൃത്വം പറഞ്ഞെങ്കിലും മുഴുവന്‍ ലോക്സഭാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഐഎഡിഎംകെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇന്നലെ ദല്‍ഹിയില്‍ നടന്ന മൂന്നാംമുന്നണി കക്ഷികളുടെ യോഗത്തിലും ജയലളിത പങ്കെടുത്തില്ല. മൂന്നാംമുന്നണി യോഗത്തില്‍ പങ്കെടുത്ത ഇടതുപാര്ട്ടികളൊഴികെയുള്ള വിവിധ സംസ്ഥാനപാര്‍ട്ടികളുടെ എണ്ണം 7 ആയി കുറഞ്ഞിട്ടുണ്ട്. പതിനഞ്ചു പാര്‍ട്ടികള്‍ മൂന്നാംമുന്നണിയിലുണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടികളുടെ എണ്ണവും സഹകരണവും കുറഞ്ഞു വരുകയാണെന്നാണ് സിപിഎം വിലയിരുത്തല്‍.
പരസ്പരം പ്രയോജനവും സഹായവും ആവശ്യമില്ലാത്ത വിവിധ സംസ്ഥാന പാര്‍ട്ടികളെ എന്തിന്റെ പേരില്‍ യോജിപ്പിച്ചു നിര്‍ത്തുമെന്നതാണ് മൂന്നാംമുന്നണിക്കു മുന്നിലുള്ള പ്രധാന കടമ്പ. പ്രാദേശിക പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങളും വിരുദ്ധങ്ങളാണ്. അഴിമതി വിരുദ്ധ-വര്‍ഗ്ഗീയ വിരുദ്ധ പ്രചാരണമാണ് മുഖ്യ മുദ്രാവാക്യമെങ്കിലും സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും കോണ്‍ഗ്രസ്- ബിജെപി കക്ഷികളുമായി കൂട്ടുചേര്ന്നിട്ടുള്ളതാണ്. ജനതാദള്‍ യുണൈറ്റഡ് ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം എന്‍ഡിഎയിലേക്ക് തിരിച്ചുപോകുമെന്ന സംശയം വിവിധ വേദികളില്‍ നിതീഷ്കുമാറിനും ശരത് യാദവിനും നേരിടേണ്ടിവന്നിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: